കൊച്ചി: കേരളം ആസ്ഥാനമായ അൽ ഹിന്ദ് ഗ്രൂപ്പ് സ്വന്തമായി വിമാനക്കമ്പനി തുടങ്ങാനൊരുങ്ങുന്നു. ടൂറിസം മേഖലയിൽ ശക്തമായ സാന്നിധ്യമുള്ള അൽഹിന്ദ് ഗ്രൂപ്പിൻ്റെ വിമാനക്കമ്പനിക്ക് ഉടൻ സർക്കാർ അംഗീകാരം ലഭിക്കുമെന്നാണ് സൂചന. എയർലൈൻ ലൈസൻസിനുള്ള സെക്യൂരിറ്റി ക്ലിയറൻസ് അൽഹിന്ദിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്. അന്തിമ അനുമതിക്കായുള്ള കാത്തിരിപ്പിലാണ് കമ്പനി ഇപ്പോൾ. ഇന്ത്യ – ഗൾഫ് സെക്ടർ ലക്ഷ്യമിട്ടാണ് അൽ ഹിന്ദിൻ്റെ വരവ്.
ഞങ്ങളുടെ ഗ്രൂപ്പ് 20,000 കോടിയുടെ ബിസിനസാണ് ഒരു വർഷം നടത്തുന്നത്. ഒരു ജനറൽ സെയിൽസ് ഏജൻ്റ് കൂടിയാണ് അൽ ഹിന്ദ്. ലക്ഷക്കണക്കിന് ആളുകളാണ് അൽഹിന്ദ് വഴി യാത്രകൾ ചാർട്ട് ചെയ്തു സഞ്ചരിക്കുന്നത്. ഒരു എയർലൈൻ കമ്പനി തുടങ്ങാൻ ഞങ്ങൾക്ക് ബലം നൽകുന്നത് ഈ രംഗത്തെ പ്രവർത്തന പരിചയം തന്നെയാണ് – അൽ ഹിന്ദ് ഗ്രൂപ്പ് പ്രമോട്ടർ മുഹമ്മദ് ഹാരിസ് സിഎൻബിസി-ടിവി18-നോട് പറഞ്ഞു.
വിമാനക്കമ്പനി തുടങ്ങാനുള്ള 95 ശതമാനം നടപടിക്രമങ്ങളും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. വ്യോമയാന മന്ത്രാലയത്തിൽ നിന്നും ഡിജിസിഎയിൽ നിന്നുമുള്ള എൻ.ഒ.സി, എ.ഒ.സി (എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ്) എന്നിവ കൂടി ലഭിക്കാനുള്ള കാത്തിരിപ്പിലാണ് ഞങ്ങൾ – അൽ ഹിന്ദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പിവി വത്സരാജ് പറയുന്നു.
ഞങ്ങളുടെ ടിക്കറ്റ് ബുക്കിംഗ് ബിസനസിൻ്റെ അറുപത് ശതമാനവും ഗൾഫ് മേഖലയിൽ നിന്നാണ്. ഹജ്ജ്, ഉംറ യാത്ര നടത്തുന്ന മിഡിൽ ഈസ്റ്റിൽ ഏറ്റവും വലിയ അഞ്ച് ഏജൻസികളിൽ ഒന്നാണ് ഞങ്ങളുടേത്. അതിവിപുലമായ ടിക്കറ്റ് സെല്ലിംഗ് നെറ്റ്വർക്കാണ് ഞങ്ങൾക്കുള്ളത്. ഒരു വിമാനത്തിൻ്റെ 80 ശതമാനവും ബുക്ക് ചെയ്യാൻ ഞങ്ങൾക്ക് പറ്റാറുണ്ട്.
പുതിയൊരു വിമാനക്കമ്പനി വരുമ്പോൾ അവർ നേരിടുന്ന പ്രധാന വെല്ലുവിളി യാത്രക്കാരുടേയും ട്രാവൽ ഏജൻ്റുമാരുടേയും ഒരു നെറ്റ്വർക്ക് ഉണ്ടാക്കിയെടുക്കുക എന്നതാണ്. ഞങ്ങളെ സംബന്ധിച്ച് വിശ്വസ്തരും സംതൃപ്തരുമായ ഒരു വലിയ വിഭാഗം ഉപഭോക്താക്കൾ ഒപ്പമുണ്ട്. മുപ്പത് വർഷം കൊണ്ടാണ് അങ്ങനെയൊരു പിന്തുണ ഞങ്ങൾ സൃഷ്ടിച്ചെടുത്തത്. ഈ മാർക്കറ്റ് എന്താണെന്നും ഇവിടെ എന്തു വേണമെന്നും ഞങ്ങൾക്കറിയാം.
കേരള സെക്ടറിലും ദക്ഷിണേന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്നും ജിസിസിയിലേക്കുള്ള റൂട്ടിലും തായ്ലാൻഡ്, മലേഷ്യ, സിംഗപ്പൂർ റൂട്ടിലും ഞങ്ങൾക്ക് മികച്ച സെയിലുണ്ട്. ഒരു വിമാനക്കമ്പനി തുടങ്ങുമ്പോൾ ഇതെല്ലാം ഞങ്ങൾക്ക് വലിയ കരുത്താണ് നൽകുന്നത് – വത്സരാജ് പറയുന്നു.
എടിആർ വിമാനങ്ങൾ ഉപയോഗിച്ച് അഭ്യന്തര സർവ്വീസുകൾ നടത്താനും എയർബസ് എ 320 വിമാനങ്ങൾ ഉപയോഗിച്ച് അന്താരാഷ്ട്ര സർവ്വീസുകൾ നടത്താനുമാണ് അൽ ഹിന്ദ് ഗ്രൂപ്പിൻ്റെ പദ്ധതിയെന്നാണ് സൂചന. അന്താരാഷ്ട്ര സർവ്വീസുകൾ ആരംഭിക്കാൻ ചുരുങ്ങിയത് 20 വിമാനങ്ങളെങ്കിലും വേണ്ടി വരുമെന്നും അൽ ഹിന്ദ് ഗ്രൂപ്പ് കണക്കുകൂട്ടുന്നു.