അൽ ഐൻ: അൽ ഐൻ മലയാളി സമാജത്തിന്റെ 40-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വോളിബോൾ പരിശീലന കളരിക്ക് തിരശില വീണു. ഡിസംബർ എട്ടിന് ആരംഭിച്ച കളരിയിൽ 3 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് പരിശീലനം നൽകി.
ആൺ-പെൺ വേർതിരിവുകളില്ലാതെ കുട്ടികളിലെ കായികമായ കഴിവുകളെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുക എന്നതും വോളിബോൾ പോലെയുള്ള പരമ്പരാഗത കായികയിനങ്ങളെ കുട്ടികൾക്കു കൂടുതൽ പരിചിതമാക്കുക എന്നതുമാണ് ഇതുവഴി സമാജം ലക്ഷ്യമിടുന്നത്.
1998 മുതൽ വോളിബോൾ രംഗത്ത് സാന്നിധ്യമുറപ്പിക്കുകയും സംസ്ഥാനത്തെ വിവിധ ടീമുകൾക്കുവേണ്ടി ജഴ്സിയണിയുകയും 2006-2011 കാലയളവിൽ ഇന്ത്യൻ റെയ്ൽവേ വനിതാ ടീമിന്റെ മുൻനിര പോരാളിയുമായിരുന്ന നിമ്മി ഫ്രാൻസിസിന്റെ നേതൃത്വത്തിലാണ് പരിശീലനം നടന്നു വരുന്നത്. അൽ ഐനിലെ വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി കുട്ടികളാണ് ക്ലാസിൽ പങ്കെടുക്കുന്നുണ്ട്. അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിന്റെ വോളി ബോൾ ഗ്രൗണ്ടിലാണ് പരിശീലനം സംഘടിപ്പിച്ചത്