ഡൽഹി: ലോകത്തെ ഏറ്റവും വലിയ മുപ്പത് വിമാനക്കമ്പനികളിലൊന്നായി ആകാശ എയർ അടുത്ത ആറ് വർഷത്തിനകം മാറുമെന്ന് കമ്പനി സിഇഒ വിനയ് ദുബെ. ആകാശ എയറിൻ്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജീവനക്കാരോട് സംസാരിക്കുമ്പോൾ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
2022 ആഗസ്റ്റിലാണ് ആകാശ എയർ സർവ്വീസ് ആരംഭിച്ചത്. രാകേഷ് ജുൻജുൻവാല അടക്കമുള്ളവരായിരുന്നു കമ്പനിയിലെ പ്രധാന നിക്ഷേപകർ. രണ്ട് വർഷം പൂർത്തിയാകുമ്പോൾ ഇതിനോടകം ഒരു കോടി പത്ത് ലക്ഷം യാത്രക്കാരാണ് ആകാശ എയറിൽ സഞ്ചരിച്ചത്. നിലവിൽ ആഴ്ചയിൽ 900 സർവ്വീസുകളാണ് ആകാശ എയർ നടത്തുന്നത്. അഞ്ച് വിദേശനഗരങ്ങളേയും 22 ഇന്ത്യൻ നഗരങ്ങളേയും ബന്ധിപ്പിച്ചാണ് നിലവിൽ ആകാശ സർവ്വീസ് നടത്തുന്നത്.
24 വിമാനങ്ങളുമായി നിലവിൽ ഇന്ത്യൻ വ്യോമയാന വിപണയുടെ അഞ്ച് ശതമാനം വിഹിതമാണ് ആകാശ എയറിനുള്ളത്. ബോയിംഗ് 737 മാക്സ് വിമാനങ്ങൾ വാങ്ങി തങ്ങളുടെ സർവ്വീസ് നെറ്റ്വർക്ക് കൂടുതൽ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് ആകാശ ഇപ്പോൾ. 74 വിമാനങ്ങൾക്ക് ആദ്യം ഓർഡർ നൽകിയ കമ്പനി 150 വിമാനങ്ങൾക്ക് കൂടി വീണ്ടും ഓർഡർ നൽകിയിട്ടുണ്ട്.