മുംബൈ: ആഭ്യന്തര വിമാനസർവ്വീസ് തുടങ്ങി രണ്ട് വർഷത്തിന് ശേഷം അന്താരാഷ്ട്ര വിമാനസർവ്വീസുകൾക്ക് തുടക്കമിട്ട് ആകാശ എയർ. മുംബൈയിൽ നിന്നും ഖത്തർ തലസ്ഥാനമായ ദോഹയിലേക്കായിരുന്നു ആകാശയുടെ ആദ്യ അന്താരാഷ്ട്ര സർവ്വീസ്. ദോഹയ്ക്ക് പുറമേ കുവൈറ്റ്, ജിദ്ദ, റിയാദ് എന്നീ ജിസിസി നഗരങ്ങളിലേക്ക് കൂടി സർവ്വീസ് നടത്താൻ ട്രാഫിക് ലൈസൻസ് ലഭിച്ചിട്ടുണ്ടെന്നും വൈകാതെ ഈ സെക്ടറുകളിൽ സർവ്വീസ് തുടങ്ങുമെന്നും ആകാശ എയർ പ്രസ്താവനയിൽ അറിയിച്ചു.
വരും മാസങ്ങളിൽ ആകാശ എയർ കൂടുതൽ അന്താരാഷ്ട്ര സർവ്വീസുകൾ ആരംഭിക്കുമെന്നും കൂടാതെ, അഹമ്മദാബാദ്, ഗോവ, വാരണാസി, ലഖ്നൗ, ബംഗളൂരു, കൊച്ചി, ഡൽഹി തുടങ്ങിയ മറ്റ് ആഭ്യന്തര നഗരങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് മുംബൈ വഴി ദോഹയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് ഒന്നിലധികം കണക്റ്റിംഗ് ഓപ്ഷനുകൾ ഉണ്ടായിരിക്കുമെന്ന് എയർലൈൻ അറിയിച്ചു. നിലവിൽ മുംബൈ, അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, കൊച്ചി തുടങ്ങിയ നഗരങ്ങളിൽ നിന്ന് ആകാശ് എയർ സർവ്വീസുകൾ നടക്കുന്നുണ്ട്.