ധ്യാന്‍ ശ്രീനിവാസന്, അജു വര്‍ഗീസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി സെപ്തംബര്‍ 15ന് തീയേറ്ററുകൡലെത്തുന്ന ചിത്രമാണ് നദികളില്‍ സുന്ദരി യമുന. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന് അജു വര്‍ഗീസ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
പൊളിറ്റിക്കല്‍ കറക്ടനസ് മോശമാണെന്ന അഭിപ്രായം തനിക്കില്ലെന്നാണ് നടന് അജുവര്‍ഗീസ് പറഞ്ഞത്. അത് നല്ലതാണെന്ന് താന്‍ വിശ്വസിച്ച് തുടങ്ങിയെന്നും അജു വര്‍ഗീസ് പറഞ്ഞു. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിലാണ് അജുവര്‍ഗീസ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കിയത്.
ചിത്രത്തിലെ ട്രെയിലറിലെ ‘ഈ തടിയും വെച്ച് ഇങ്ങനെ കരയല്ലേ’ എന്ന ഡയലോഗുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം. ഇപ്പോള്‍ സിനിമകള്‍ കൂടുതല്‍ സിനിമാറ്റിക് ആകുന്നുണ്ട്. ഈ തടിയും വെച്ച് ഇങ്ങനെ കരയല്ലേ എന്ന ഡയലോഗിന് നാളെ ട്രോളുകള്‍ കിട്ടുമെങ്കിലും അത് ആളുകള്‍ ആസ്വദിക്കുന്നുണ്ടെന്നാണ് മനസിലാക്കുന്നതെന്നും മാധ്യമപ്രവര്ത്തകന് പറഞ്ഞു. ഇതിനോടായിരുന്നു അജുവര്‍ഗീസിന്റെ പ്രതികരണം.
പൊളിറ്റിക്കല്‍ കറക്ട്നസ് മോശമാണെന്ന അഭിപ്രായം എനിക്കില്ല. ഈ ഡയലോഗ് ഈ സിനിമയ്ക്ക് അത്യാവശ്യമാണെന്ന അഭിപ്രായവും എനിക്കില്ല. പൊളിറ്റിക്കല്‍ കറക്ടനസ് എന്നത് ഇന്നത്തെ തലമുറയുടെ ഒരു വിപ്ലവമാണ്. ഇത്തരം കാര്യങ്ങള്‍ ഒക്കെ സീസണല്‍ ആണ്. ഇടയ്ക്ക് മാറും. കുറച്ച് കഴിയുമ്പോള്‍ സിനിമാറ്റിക് കൂടി പോയെന്ന് പറയും വീണ്ടും റിയലിസ്റ്റിക് സിനിമയിലേക്ക് തന്നെ വരുമെന്നും അജു വര്‍ഗീസ് പറഞ്ഞു.
നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് നദികളില്‍ സുന്ദരി യമുന. ‘വെള്ളം’ സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രമായ വാട്ടര്‍മാന്‍ മുരളി അവതരിപ്പിക്കുന്ന ചിത്രം സിനിമാറ്റിക് ഫിലിംസ് എല്‍എല്‍.പി.യുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. കണ്ണനായി ധ്യാന്‍ ശ്രീനിവാസനും, വിദ്യാധരനായി അജു വര്‍ഗീസും ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അജുവര്‍ഗീസിന്റെ വാക്കുകള്‍
പൊളിറ്റിക്കല്‍ കറക്ട്നസ് മോശമാണെന്ന അഭിപ്രായം എനിക്കില്ല. ഈ ഡയലോഗ് ഈ സിനിമയ്ക്ക് അത്യാവശ്യമാണെന്ന അഭിപ്രായവും എനിക്കില്ല. കൊമേഴ്സ്യല്‍ സിനിമ എന്ന് അല്ലാതെയും പറയാം. അത് സമൂഹത്തിന് നല്ല മാറ്റങ്ങള്‍ കൊണ്ടു വരുന്നുണ്ട്. എന്നെ ഇപ്പോള്‍ അമ്മാവന്, വസന്തം എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ വിളിക്കുന്നത്. അപ്പോള്‍ ഞങ്ങള്‍ ഒക്കെ ശ്രമിച്ചുകൊണ്ടിരിക്കുന്നതാണ്. നമ്മള്‍ക്ക് അറിയാത്ത് കാര്യം മോശമാണ് എന്നല്ലല്ലോ. അപ്പോള്‍ എന്തോ നല്ല കാര്യം അതില്‍ ഉണ്ട്. ഇന്നത്തെ തലമുറയുടെ ഒരു വിപ്ലവമാണ്. ഇത്തരം കാര്യങ്ങള്‍ ഒക്കെ സീസണല്‍ ആണ്. ഇടയ്ക്ക് മാറും. കുറച്ച് കഴിയുമ്പോള്‍ സിനിമാറ്റിക് കൂടി പോയെന്ന് പറയും വീണ്ടും റിയലിസ്റ്റിക് സിനിമയിലേക്ക് തന്നെ വരും.
ഞാന്‍ 13 വര്‍ഷമായി സിനിമയില്‍ എത്തിയിട്ട്. ഇത്രയും കാലമായി മലയാള സിനിമയിലെ പ്രതിസന്ധിയെക്കുറിച്ച് കേള്‍ക്കുന്നുണ്ട്. രാജുവേട്ടന് (പൃഥ്വിരാജ്) സിനിമയില്‍ വന്നിട്ട് 20 വര്‍ഷമായെന്ന് ഒരു അഭിമുഖത്തില്‍ പറയുന്നുണ്ടായിരുന്നു. അത്രയും കാലമായി അദ്ദേഹവും ഈ പ്രതിസന്ധിയെക്കുറിച്ച് കേള്‍ക്കുന്നുണ്ട്. കുറുപ്പ് തൊട്ട് ആര്‍ഡിഎക്സ് വരെ നിരവധി ബ്ലോക്ക് ബസ്റ്ററുകളും സൂപ്പര്‍ ഹിറ്റുകളും മലയാളത്തിന് കിട്ടിയിട്ടുണ്ട്. സംസാരിക്കുമ്പോള്‍ കണക്കുകള്‍ കൂടി വെച്ച് സംസാരിക്കണമല്ലോ.
കുറുപ്പ്, ജാനേ മന്, അജഗജാന്തരം, ഹൃദയം, സിബിഐ, ന്നാ താന്‍ കേസ് കൊട്, തല്ലുമാല, ജയ ജയ ജയഹേ, ജനഗണമന, കടുവ, മുകുന്ദനുണ്ണി ഉണ്ട്, രോമാഞ്ചം, മാളികപ്പുറം, 2018 തുടങ്ങിയ ചിത്രങ്ങളൊക്കെ ഈ ഒന്നര വര്‍ഷത്തെ ലിസ്റ്റ് ആണ്. ഇതൊന്നും ചെറിയ ഹിറ്റ് അല്ല. ഇത് വെച്ച് ഞാന്‍ പറയാണ്. എല്ലാ തരം ചിത്രങ്ങളും ഇവിടെ ഓടുന്നുണ്ട്. എന്‍ഗേജ്മെന്റ് എന്ന കാര്യം മാത്രമേ നോക്കുന്നുള്ളു. പൊളിറ്റിക്കല്‍ കറക്ടനസിനെക്കുറിച്ച് ചോദിച്ചതുകൊണ്ട് പറയുകയാണ്. അത് ഉള്ളത് നല്ലതാണെന്ന് ഞാന്‍ വിശ്വസിച്ച് തുടങ്ങി, അജു വര്‍ഗീസ് പറഞ്ഞു.