ഖത്തർ ലോകകപ്പിന്റെ ആദ്യ ആഴ്ചയിൽ ഹമദ്, ദോഹ രാജ്യാന്തര വിമാനത്താവളത്തിൽ പറന്നിറങ്ങിയത് 7,000ൽ അധികം വിമാനങ്ങൾ. ആഗോള വിമാന കമ്പനികളുടെയും ജിസിസി രാജ്യങ്ങളിൽ നിന്നുള്ള വിമാന കമ്പനികളുടെയും സർവീസ് ഉൾപ്പെടെയാണ് ഈ കണക്കുകൾ. സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റിയാണ് കണക്കുകൾ പുറത്തുവിട്ടത്.
തെക്കൻ അമേരിക്ക, ആഫ്രിക്കൻ രാജ്യങ്ങൾ, ജർമനി, ഫ്രാൻസ്, തുടങ്ങിയ രാജ്യങ്ങളിലെ രാജ്യാന്തര വിമാന കമ്പനികലും ഖത്തറിലേക്ക് സർവീസ് നടത്തിയിരുന്നു. ദോഹ ഫ്ളൈറ്റ് ഇൻഫർമേഷൻ റീജൻ പ്രവർത്തനം തുടങ്ങിയതോടെ വ്യോമശേഷിയിലും രാജ്യത്തേക്ക് വന്നുപോകുന്ന വിമാന റൂട്ടുകളിലും വർധനയുണ്ട്. ജിസിസി രാജ്യങ്ങളിൽ നിന്നുള്ള ആരാധകർക്ക് കളി കണ്ട് അന്നു തന്നെ മടങ്ങാനുള്ള സൗകര്യം മുൻനിർത്തിയാണ് മാച്ച് ഡേ ഷട്ടിൽ വിമാന സർവീസ് തുടങ്ങിയത്.
ഖത്തർ എയർവേയ്സ് ഫ്ളൈ ദുബായ്, കുവൈത്ത് എയർവേയ്സ്, ഒമാൻ എയർ, സൗദിയ എയർലൈൻസ് എന്നീ 4 അറബ് എയർ ലൈനുകളുമായി സഹകരിച്ചാണ് ഷട്ടിൽ സർവീസ് നടത്തുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നായി ലക്ഷകണക്കിന് ആരാധകാരാണ് ഇതിനകം ഖത്തറിൽ എത്തിയത്.