കൊച്ചി: കേരളത്തിൽ നിന്നും ജിസിസിയിലേക്ക് പുതിയ പ്രതിദിന സർവ്വീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ. കൊച്ചിയിൽ നിന്നും ദോഹയിലേക്കാണ് പുതിയ സർവ്വീസ് എയർഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. തിരക്കേറിയ കേരള – ദോഹ സെക്ടറിൽ പ്രവാസികൾക്ക് വലിയ ആശ്വാസമായിരിക്കും പുതിയ സർവ്വീസ്.
കൊച്ചിയിൽ നിന്ന് പ്രാദേശിക സമയം പുലർച്ചെ 1.30ന് പുറപ്പെടുന്ന എഐ953 വിമാനം ദോഹയിൽ 3.45ന് എത്തും. തിരിച്ച് ദോഹയിൽ നിന്ന് പ്രാദേശിക സമയം 4.45ന് പുറപ്പെട്ട് കൊച്ചിയിൽ പ്രാദേശിക സമയം 11.35ന് എത്തിച്ചേരും. ഏ320 നിയോ എയർക്രാഫ്റ്റ് യാത്രാ വിമാനമാവും സർവ്വീസിനായി എയർഇന്ത്യ ഉപയോഗിക്കുക. 162 സീറ്റുകളാണ് ഈ വിമാനത്തിലുള്ളത്. ഇക്കണോമിയിൽ 150 സീറ്റും ബിസിനസ് ക്ലാസിൽ 12 സീറ്റും.
നിലവിൽ കൊച്ചിയിൽ നിന്ന് ദുബായിലേക്ക് എല്ലാ ദിവസവും നേരിട്ട് എയർ ഇന്ത്യ സർവീസ് നടത്തുന്നുണ്ട്. ഡൊമസ്റ്റിക്, ഇൻറർനാഷണൽ സെക്ടറുകളിൽ തങ്ങളുടെ സേവനം വിപുലപ്പെടുത്തുന്നതിൻറെ ഭാഗമായാണ് എയർ ഇന്ത്യ പുതിയ സർവീസ് തുടങ്ങിയിരിക്കുന്നത്.പുതിയ സർവീസ് ആരംഭിക്കുന്നതോടെ മിഡിൽ ഈസ്റ്റിലെ എയർ ഇന്ത്യയുടെ പ്രവർത്തനം കൂടുതൽ ശക്തമാകും. എയർ ഇന്ത്യയുടെ വെബ് സൈറ്റ്, മൊബൈൽ ആപ്പ്, ട്രാവൽ ഏജൻസികൾ, ട്രാവൽ ഏജൻറുമാർ എന്നിവയിലൂടെ ഇപ്പോൾ ടിക്കറ്റ് ബുക്ക് ചെയ്യാം.
നേരത്തെ ഖത്തറിൽ നിന്ന് തിരുവനന്തപുരത്തേക്ക് എയർഇന്ത്യ എക്സ്പ്രസ്സ് നോൺ സ്‌റ്റോപ് സർവീസ് പ്രഖ്യാപിച്ചിരുന്നു. ഒക്ടോബർ 29നാണ് ഈ സർവീസ് ആരംഭിക്കുക.ആഴ്ചയിൽ നാല് ദിവസമാണ് ദോഹ-തിരുവനന്തപുരം, തിരുവനന്തപുരം-ദോഹ സെക്ടറിലേക്ക് നേരിട്ടുള്ള വിമാന സർവീസുള്ളത്. ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലും തിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്ക് ചൊവ്വ, വ്യാഴം, വെള്ളി, ഞായർ എന്നീ ദിവസങ്ങളിലുമാണ് സർവീസ് നടത്തുക. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ശൈത്യകാല ഷെഡ്യൂളിൽ ഉൾപ്പെടുത്തിയാണ് ദോഹയിൽ നിന്ന് നോൺ സ്‌റ്റോപ്പ് സർവീസ് പ്രഖ്യാപിച്ചത്. നിലവിൽ ഖത്തർ എയർവേയ്‌സ് മാത്രമാണ് ദോഹ-തിരുവന്തപുരം നേരിട്ടുള്ള സർവീസുകൾ നടത്തുന്നത്.