റിയാദ്: നീണ്ടകാലത്തെ കാത്തിരിപ്പിന് ശേഷം എയർഇന്ത്യ എക്സ്പ്രസ്സ് തിരുവനന്തപുരത്ത് നിന്നും റിയാദിലേക്കും തിരിച്ചും നേരിട്ടുള്ള സർവ്വീസ് ആരംഭിക്കുന്നു. സെപ്തംബർ ഒൻപത് മുതലാണ് സർവ്വീസ് ആരംഭിക്കുന്നത്.
ഓണത്തിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് ഈ സർവ്വീസ് ഗുണപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈകിട്ട് 5.55-ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന ഐ.എക്സ് 522 നമ്പർ വിമാനം രാത്രി 10.40ന് റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിൽ എത്തും. രാത്രി 11.40-ന് റിയാദിൽ നിന്നും തിരികെ പുറപ്പെടുന്ന വിമാനം രാവിലെ 7.30-ന് തിരുവനന്തപുരത്ത് എത്തും.
എല്ലാ തിങ്കളാഴ്ചകളിലുമാണ് നിലവിൽ സർവ്വീസ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. നിലവിൽ തിരുവനന്തപുരത്ത് നിന്നും റിയാദിലേക്ക് നേരിട്ട് വിമാനമില്ലാത്തതിനാൽ ഏറെ കഷ്ടപ്പെട്ടാണ് തെക്കൻ കേരളത്തിലേയും തെക്കൻ തമിഴ്നാടിലേയും സൌദ്ദി പ്രവാസികൾ നാട്ടിൽ വന്നു പോകുന്നത്.
Air india Express starting trivandrum riyadh servicre