ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നതായി പരാതി. 10 മണിക്കൂറായിട്ടം വിമാനം പുറപ്പെട്ടിട്ടില്ല. ഇന്നലെ രാത്രി 8.55ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് 4702 വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല.
അധികൃതരിൽ നിന്നും കൃത്യമായ മറുപടി ലഭിക്കാതെയിരുന്നതോടെ പ്രതിഷേധവുമായി യാത്രക്കാർ രംഗത്തെത്തി. വിമാനം വൈകുന്നതിനുള്ള കാരണം അധികൃതർ വ്യക്തമാക്കുന്നില്ലെന്നാണ് യാത്രക്കാർ പറയുന്നത്.
വിമാനത്താവളത്തിൽ എത്തിയ യാത്രക്കാർ ഭക്ഷണം പോലും കിട്ടാതെ വലയുകയാണ്. ഓണത്തിനായി നാട്ടിലേക്ക് പോകാനായി എത്തിയ മലയാളികൾ ഉൾപ്പെടെയുള്ളവരാണ് പെട്ടിരിക്കുന്നത്. വിമാനം ആറുമണിയ്ക്ക് പുറപ്പെടുമെന്നാണ് അവസാനം അറിയിച്ചിരുന്നത്. എന്നാൽ ആറുമണിക്കും വിമാനം പുറപ്പെട്ടില്ല.