എയർ ഇന്ത്യ എക്സ്പ്രസ്സും എയർ ഏഷ്യയും തമ്മിൽ ലയിക്കാനൊരുങ്ങുന്നു. ആഭ്യന്തര വിമാന സർവീസുകൾ നടത്തുന്ന എയർ ഏഷ്യയും അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ്സും ലയിക്കുന്നത് വലിയ വളർച്ചയ്ക്കാകും വഴിയൊരുക്കുക.ഇതിനായുള്ള മാർഗരേഖകളും സമർപ്പിച്ചു. ഇതേ കുറിച്ച് ഇരു കമ്പനികളുടെയും ഉദ്യോഗസ്ഥരുമായി കമ്പനി ഉടമകൾ ചർച്ച നടത്തി.
ഇരുകമ്പനികളും ലയിപ്പിക്കുന്നത് വഴി അർത്ഥവത്തും ഉഷ്മളവുമായ ബന്ധം സൃഷ്ടിക്കാനാണ് ലക്ഷ്യമെന്ന് മാനേജിങ് ഡയറക്ടർ അലോക് സിങ് പറഞ്ഞു. ദേശങ്ങളെ മാത്രമല്ല, ജനങ്ങളെയും സംസ്കാരങ്ങളെയും അവസരങ്ങളെയും പരമ്പരാഗത ഇന്ത്യൻ ആതിഥേയത്വത്തോടെ ബന്ധിപ്പിക്കുന്ന വിമാന സർവീസായി മാറാനാണ് ഇത് വഴി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എല്ലാ മികവുകളോടെയും ഇന്ത്യയുടെ പ്രിയപ്പെട്ട ബ്രാൻഡായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഇരു വിമാനങ്ങളിലേക്കുമുള്ള ടിക്കറ്റ് ബുക്കിങ്ങിന് airindiaexpress.com എന്ന പൊതു വെബ്സൈറ്റ് ഉപയോഗിക്കാവുന്നതാണ്. സമൂഹ മാധ്യമങ്ങളിലെ ഇരു കമ്പനികളുടെയും പേജുകളും അക്കൗണ്ടുകളും കസ്റ്റമർ കെയർ സർവീസുകളും ഇതിനോടകം ലയിപ്പിച്ച് കഴിഞ്ഞു.