അബുദാബി: 2024ലെ എഎഫ്സി ചാമ്പ്യൻസ് ലീഗിൽ യുഎഇക്ക് അഭിമാനവിജയം സമ്മാനിച്ച അൽ ഐൻ ഫുട്ബോൾ ടീമിനെയും പിന്നണി പ്രവർത്തകരെയും ആദരിച്ച് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. തിളങ്ങുന്ന വിജയത്തിൽ ടീമിനെ അഭിനന്ദിക്കാനായി അബുദാബി ഖസർ അൽ ബഹറിലാണ് പ്രത്യേക സ്വീകരണം ഒരുക്കിയത്.
ടീമിലെ കളിക്കാരെയും പിന്നണി പ്രവർത്തകരെയും ചരിത്ര നേട്ടത്തിന് യുഎഇ പ്രസിഡന്റ് അഭിനന്ദിച്ചു. ടൂർണമെന്റിലുടനീളമുള്ള ടീമിന്റെ അസാധാരണമായ പ്രകടനത്തെയും യുഎഇയെ പ്രതിനിധീകരിച്ച് വിജയം കൈവരിക്കാൻ കാരണമായ പരിശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
കളിക്കാർ, ക്ലബ് ഭാരവാഹികൾ, കമ്മിറ്റി അംഗങ്ങൾ, സ്പോൺസർമാർ എന്നിവരാണ് സ്വീകരണത്തിൽ പങ്കെടുത്തത്. ക്ലബിന്റെ മെഡിക്കൽ പങ്കാളിയായ ബുർജീലിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിലും സംഘത്തിൽ ഉണ്ടായിരുന്നു. അബുദാബി ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാനടക്കമുള്ള പ്രമുഖരും ടീമിനെ അഭിനന്ദിക്കാനായി എത്തി.
രാജ്യത്തെ കായിക, യുവജന മേഖലയ്ക്ക് യുഎഇ പ്രസിഡന്റ് പിന്തുണയുടെ ഫലമാണ് അൽ ഐൻ ഫുട്ബോൾ ക്ലബ്ബിന്റെ നേട്ടമെന്ന് ടീമംഗങ്ങൾ പ്രതികരിച്ചു.