ഇന്ത്യയിൽ ആധാർ കാർഡും പാൻ കാർഡും മാർച്ച് 31നകം ബന്ധിപ്പിക്കണമെന്ന നിർദേശം പ്രവാസികളെ ബാധിക്കില്ലെന്ന് സൂചന. നിശ്ചിത തീയതിക്കകം ആധാർ-പാൻ ബന്ധിപ്പിക്കേണ്ടവരുടെ പട്ടികയിൽ നിന്ന് പ്രവാസികളെ ഒഴിവാക്കി. ഈമാസം 31നകം ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ അസാധുവാകുമെന്ന് ഇൻകം ടാക്സ് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. 2022 മാർച്ചായിരുന്നു അവസാന തീയതിയെങ്കിലും പിന്നീട് ഈ മാസം 31 വരെ 1000 രൂപ പിഴയോടെ ബന്ധിപ്പിക്കാമെന്നായിരുന്നു നിർദേശം. ഈ കാലാവധിയാണ് അവസാനിക്കുന്നത്.
നാലു വിഭാഗം പ്രവാസികളെയാണ് മേൽപ്പറഞ്ഞ സമയപരിധിയിൽ നിന്ന് ഒഴിവാക്കിയത്. 1961ലെ ഇൻകം ടാക്സ് ആക്ട് പ്രകാരമുള്ള എൻ ആർ ഐകൾ, ഇന്ത്യൻ പൗരൻമാരല്ലാത്തവർ, 80 വയസ്സിന് മുകളിലുള്ളവർ, അസം, മേഘാലയ, ജമ്മു-കശ്മീർ എന്നിവിടങ്ങളിലുള്ളവർ എന്നിവർക്ക് ആധാർ-പാൻ ബന്ധിപ്പിക്കൽ നിർബന്ധമല്ല. ഔദ്യോഗികമായി എൻ ആർ ഐകളല്ലാത്തവർ രജിസ്റ്റർ ചെയ്യേണ്ടി വരും. സന്ദർശക വിസയിലെത്തിയവരും രജിസ്റ്റർ ചെയ്യണം. ഇല്ലെങ്കിൽ ഏപ്രിൽ ഒന്ന് മുതൽ പാൻ പ്രവർത്തനരഹിതമാകും.
ആധാറും പാൻ കാർഡും ബന്ധിപ്പിക്കേണ്ടത് എങ്ങനെ?
യൂസർ ഐഡിയും പാസ്വേഡും ജനനത്തീയതിയും ഉപയോഗിച്ച് പോർട്ടലിൽ ലോഗ് ഇൻ ചെയ്യുക .
പാൻ ആധാറുമായി ലിങ്ക് ചെയ്യാൻ ഒരു വിൻഡോ പോർട്ടലിൽ കാണിക്കും. ഇല്ലെങ്കിൽ MENU ബാറിലുള്ള ‘PROFILE SETTINGS’ൽ കയറി ‘LINK AADHAAR’എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം.
പാൻ കാർഡ് വിശദാംശങ്ങൾ പ്രകാരം പേര്, ജനനത്തീയതി, ലിംഗം തുടങ്ങിയ വിവരങ്ങൾ അവിടെയുണ്ടാകും.