ഹൈദരാബാദ്: നടൻ വിനായകനെ ഹൈദരാബാദ് പൊലീസിൻ്റെ കസ്റ്റഡിയിൽ. ഹൈദരാബാദിലെ വിമാനത്താവളത്തിൽ വച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി ഉണ്ടായ വാക്കേറ്റത്തിന് പിന്നാലെയാണ് വിനായകൻ പൊലീസ് കസ്റ്റഡിയിലായത്. അതേസമയം വിമാനത്താവളത്തിൽ വച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥർ തന്നെ കൈയ്യേറ്റം ചെയ്തതായി വിനായകൻ പറഞ്ഞു.
വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിലെ ട്രാൻസ്ഫർ ഏരിയയിൽ വച്ചാണ് വിനായകൻ ബഹളമുണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു. ഇതോടെ സിഐഎസ്എഫ് വിനായകനെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് ഹൈദരാബാദ് പൊലീസിന് കൈമാറുകയും ചെയ്തു.
കൊച്ചിയിൽ നിന്നും ഗോവയിലേക്കുള്ള യാത്രയിലായിരുന്നു വിനായകൻ. കണക്ടിംഗ് വിമാനത്തിനായിട്ടാണ് വിനായകൻ കൊച്ചിയിൽ നിന്നും ഹൈദരാബാദിലേക്ക് എത്തിയത്. ഇവിടെ നിന്നുമായിരുന്നു ഗോവയിലേക്കുള്ള വിമാനം. തന്നെ വിമാനത്താവളത്തിലെ മുറിയിലേക്ക് മാറ്റിയ ശേഷം സിഐഎസ്എഫ് ഉദ്യോഗസ്ഥർ മർദ്ദിച്ചുവെന്നാണ് വിനായകൻ പരാതിപ്പെടുന്നത്.
തന്നെ കസ്റ്റഡിയിലെടുത്തത് എന്തിനാണെന്ന് അറിയില്ലെന്നും വിനായകൻ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ തന്നെ കൈയ്യേറ്റം ചെയ്ത ദൃശ്യങ്ങളുണ്ടെന്നും വിനായകൻ അവകാശപ്പെട്ടു. അതേസമയം വിനായകൻ്റെ ഫോണ് നിലവിൽ സ്വിച്ച് ഓഫായതിനാൽ പിന്നീട് എന്തു സംഭവിച്ചെന്ന് വ്യക്തമല്ല.