മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലൊരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്. മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തീകരിച്ചത്. ഷൂട്ടിംഗ് അവസാനിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയില്‍ മോഹന്‍ലാല്‍ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത ഒന്നാണ് സൃഷ്ടിച്ചിരിക്കുന്നത് എന്നാണ് മോഹന്‍ലാല്‍ പറഞ്ഞിരിക്കുന്നത്. കാലാവസ്ഥ അടക്കമുള്ള പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ചിത്രം നല്ല രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
‘ലിജോ എന്താണെന്ന് നമ്മള് പഠിച്ചു കൊണ്ടിരിക്കുന്നേ ഉള്ളു. നമ്മള് എന്തിനാണ് അദ്ദേഹത്തെ അറിയുന്നത്? ലിജോ നമ്മളെക്കുറിച്ചാണ് അറിയേണ്ടത്. ഇത് നിങ്ങളുടെ മികച്ച സിനിമകളിലൊന്നായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. എല്ലാവര്ക്കും നന്ദി. കാലാവസ്ഥ അടക്കമുള്ള കാര്യങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ വലിയ രീതിയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. എങ്കിലും നല്ലരീതിയില്‍ പൂര്‍ത്തീകരിച്ചു. സിനിമ ഓടുന്നതൊക്കെ പിന്നെയുള്ള കാര്യമാണ്. എന്തായാലും ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത ഒന്ന് നമ്മള് ഉണ്ടാക്കിയിട്ടുണ്ട്,’ മോഹന്‍ലാല്‍ പറഞ്ഞു.
ഷിബു ബേബി ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന് ആചാരി, സുചിത്ര നായര്‍, മനോജ് മോസസ് തുടങ്ങിയവരും ചിത്രിത്തിന്റെ ഭാഗമാകുന്നുണ്ട്. ചിത്രത്തിന്റെ റിലീസിംഗ് സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ നന്‍പകല്‍ നേരത്ത് മയക്കമാണ് ലിജോയുടെതായി അവസാനമിറങ്ങിയ ചിത്രം. നന്‍പകല്‍ നേരത്ത് മയക്കം വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.