മകളുടെ മരണ ശേഷം ആദ്യമായി മകളെക്കുറിച്ച് കുറിപ്പ് പങ്കുവെച്ച് തമിഴ് നടനും സംഗീത സംവിധായകനും ഗായകനുമായ വിജയ് ആന്റണി. മകള്‍ ധീരയും സ്നഹമയിയുമായിരുന്നെന്നും അവള് ജാതിയോ മതമോ വേദനയോ ഇല്ലാത്ത മറ്റൊരു ലോകത്തേക്ക് പോയെന്നും വിജയ് ആന്റണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറയുന്നു.
അവള്‍ക്കൊപ്പം താനും മരിച്ചു പോയെന്നും ഇപ്പോള്‍ അവള്‍ക്കൊപ്പം സമയം കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും വിജയ് ആന്റണി പ്രസ്താവനയില്‍ പറഞ്ഞു.
വിജയ് ആന്റണിയുടെയും ഭാര്യ ഫാത്തിമയുടെയും മൂത്ത മകളാണ് ആത്മഹത്യ ചെയ്ത മീര. 16 വയസുള്ള മീരയെ ചെന്നൈ ആള്‍വാര്‍പേട്ടിലെ വീട്ടില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിജയ് ആന്റണി തന്നെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മകളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണ കാരണം വ്യക്തമല്ല. എന്നാല്‍ മീരയ്ക്ക് മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നതായും ഇതിന് ചികിത്സ തേടിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ധീരയായിരുന്നു, അവള്‍ക്കൊപ്പം ഞാനും മരിച്ചു പോയിരിക്കുന്നു; മകളുടെ ഓര്‍മയില്‍ വിജയ് ആന്റണി
വിജയ് പങ്കുവെച്ച കുറിപ്പിലെ വാക്കുകള്‍
സ്നേഹമുള്ളവരെ, എന്റെ മകള്‍ മീര സ്നേഹമുള്ളവളും ധീരയുമായിരുന്നു. ജാതിയും മതവും പണവും അസൂയയും ദാരിദ്ര്യവും പകയും ഒന്നുമില്ലാത്ത സമാധാനമുള്ള ലോകത്തേക്ക് പോയിരിക്കുന്നു. ഞാന്‍ ഇപ്പോഴും അവളോട് സംവദിക്കാറുണ്ട്.
ഞാനും അവള്‍ക്കൊപ്പം മരിച്ചിരിക്കുന്നു. ഞാന്‍ ഇപ്പോള്‍ അവളുമായി സമയം ചെലവഴിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഞാന്‍ അവള്‍ക്ക് വേണ്ടി ചെയ്യാന്‍ വിചാരിക്കുന്ന നല്ല കാര്യങ്ങളെല്ലാം അവളുടെ പേരിലായിരിക്കും ചെയ്യുക.