തിരുവനന്തപുരം: തട്ടിപ്പ് നടത്തി ക്ഷേമപെൻഷൻ വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ നടപടി തുടരുന്നു. വിവിധ വകുപ്പുകളാണ് ക്ഷേമപെൻഷൻ വാങ്ങിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുന്നത്.
അനധികൃതമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയ ആരോഗ്യവകുപ്പിലെ 373 ജീവനക്കാർക്ക് ഇന്നലെ പണം തിരികെ അടയ്ക്കാൻ നോട്ടീസ് നൽകി. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത്.
കൈപ്പറ്റിയ പെൻഷൻ തുകയും അതിൻ്റെ 18 ശതമാനം പലിശയും ചേർത്ത് തിരികെ അടയ്ക്കണം എന്നാണ് നോട്ടീസിൽ പറയുന്നത്. പണം തിരിച്ചടച്ച ശേഷം ഉദ്യോഗസ്ഥർക്കെതിരെ മറ്റു നടപടികളുണ്ടാവും എന്നാണ് സൂചന. പൊതുഭരണവകുപ്പിലും മറ്റ് വകുപ്പുകളിലും നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് ആരോഗ്യവകുപ്പിലും ജീവനക്കാർക്കെതിരെ നടപടി. പണം തിരിച്ചു പിടിക്കുന്നത് കൂടാതെ ജീവനക്കാർക്കെതിരെ വകുപ്പ്തല നടപടിയും ഉണ്ടാകും. ക്ലറിക്കൽ, നഴ്സിംഗ് അസിസ്റ്റൻറ്, അറ്റണ്ടർ തസ്തികയിലുള്ള ജീവനക്കാർക്കെതിരെയാണ് നടപടി. ഉന്നത പദവിയിലുള്ള ഉദ്യോഗസ്ഥർക്ക് നേരെയും വൈകാതെ നടപടി വരുമെന്നാണ് സൂചന.