അബുദാബി: അബുദാബി കിരീടാവകാശി ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ഔദ്യോഗിക സന്ദർശനത്തിനായി ഞായറാഴ്ച ഇന്ത്യയിലെത്തും. സുപ്രധാന മേഖലകളിൽ കൂടുതൽ സഹകരണം സാധ്യമാക്കാനുള്ള ചർച്ചകളിൽ കിരീടാവകാശിയുടെ സന്ദർശനത്തിനിടെ ചർച്ചകളുണ്ടാവും. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വിദേശകാര്യമന്ത്രി എസ്.ജയശങ്കറേയും നേരിൽ കാണുന്ന അബുദാബി കിരീടാവകാശി ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് മറ്റു ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും.
യുഎഇ മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, യുഎഇയിലെ പ്രമുഖ സാമ്പത്തിക പങ്കാളികൾ എന്നിവരുൾപ്പെടെയുള്ള ഉന്നതതല പ്രതിനിധി സംഘവും അദ്ദേഹത്തെ അനുഗമിക്കും. യുഎഇയും ഇന്ത്യയും പങ്കിടുന്ന സാമ്പത്തിക സാംസ്കാരിക ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്ന നിരവധി പരിപാടികളിലും കിരീടാവകാശി പങ്കെടുക്കും.
2024 ഫെബ്രുവരിയിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബിയിലെത്തിയിരുന്നു. മോദിയും യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദും ചേർന്ന് നിരവധി കരാറുകളിൽ അന്ന് ഒപ്പുവച്ചു, ഇന്ത്യയുടെ ഡിജിറ്റൽ റുപേ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് സ്റ്റാക്ക് അടിസ്ഥാനമാക്കി യുഎഇയിൽ ജയവാൻ കാർഡ് പുറത്തിറക്കിയതും ഈ സന്ദർശനത്തിനിടെയാണ്.