ആദ്യാക്ഷരം കുറിക്കുന്നത് മുതൽ ഓരോ സ്കൂള് തുറക്കലും പരീക്ഷയും വിജയങ്ങളും പരാജയങ്ങളും നിറഞ്ഞ ഒരു യാത്രയാണ് ഒരു വിദ്യാഭ്യാസ കാലഘട്ടം. ആ തോണിയൊന്ന് കരയ്ക്കടുപ്പിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് ഓരോ മാതാപിതാക്കളും. ഓട്ടോറിക്ഷയോടിച്ചും കശുവണ്ടി തല്ലിയും അറിയാവുന്ന ജോലികളൊക്കെ ചെയ്ത് നമ്മുടെ മാതാപിതാക്കൾ കൊണ്ടെത്തിച്ച ഇരിപ്പിടങ്ങളിലാണ് നമ്മൾ തലഉയർത്തി അഭിമാനത്തോടെയിരിക്കുന്നത്. മക്കളുടെ പിന്നാലെ പായുന്ന ആ കൈകളുടെ ആയാസം ഒന്നും കുറയ്ക്കാനൊരു കൈത്താങ്ങായാണ് എഡിറ്റോറിയൽ എബിസി കാർഗോ യൂണീബ്രിഡ്ജ് അവതരിപ്പിക്കുന്നത്.
മാധ്യമ രംഗത്ത് രണ്ട് വർഷം പൂർത്തിയാക്കി മുന്നോട്ട് പോകുന്ന എഡിറ്റോറിലിന്റെ യാത്രയിൽ ലഭിച്ച ഏറ്റവും വലിയ സന്തോഷമായിരുന്നു യൂണിബ്രിഡ്ജ് വേദിയിൽ കണ്ട സന്തോഷം. പലതരം പ്രതിബന്ധങ്ങൾ നേരിട്ടും വിദ്യാഭ്യാസം നേട്ടാൻ പരിശ്രമിക്കുന്ന കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളെയാണ് യൂണിബ്രിഡ്ജ് വേദിയിൽ ആദരിച്ചതും തുടർപഠനത്തിന് സഹായം കൈമാറിയതും.
സ്വപ്നങ്ങൾ ഉറക്കം കെടുത്തുന്നതാവണം, എങ്കിലേ നിങ്ങൾക്ക് ചൈതന്യയെ പോലെയാകാൻ പറ്റൂ… അവളെപ്പോലെ പറക്കാൻ പറ്റൂ. ആലപ്പുഴയിലെ വഴിവക്കിൽ ചോർന്നൊലിക്കുന്ന ടാർപ്പാ ഷീറ്റിനുള്ളിൽ ചെരുപ്പുകുത്തിയുടെ മകളായി ജനിച്ച് അനാഥയായി വളർന്ന ചൈതന്യ.
ബന്ധുക്കളുടെ വീട്ടിൽ ക്രൂരമർദനത്തിനിരയായി വിശന്ന് വിശന്ന് ജീവിച്ച ബാല്യം. ആ ദുരിതകാലത്തിൽ നിന്നും ഗാന്ധിഭവനിലേക്കുള്ള യാത്രയാണ് ആ കുട്ടിയുടെ ജീവിതത്തിൽ വിപ്ലവം സൃഷ്ടിച്ചത്. ഇന്ന് അയർലൻഡിൽ നഴ്സായി ജീവിതം പറിച്ചു നട്ട ചൈതന്യയുടെ വിജയത്തിൽ എബിസി കാർഗോ യൂണീബ്രിഡ്ജിനുമുണ്ട് അഭിമാനിക്കാൻ.
ജോൺഫിക്ക് ഒരൊറ്റ സ്വപ്നമേയുള്ള അമ്മ ബേബിയുടെ കൈയ്യും പിടിച്ച് ഈ ലോകം മുഴുവൻ ചുറ്റണം, കാരണം അമ്മയുടെ കണ്ണുനീരിന്റെ ചൂട് അവനോളം ഈ ഭൂമിയിൽ മറ്റാർക്കുമറിയില്ല. ഓർമവച്ച നാള് മുതൽ അമ്മയെ അറിഞ്ഞ് വളർന്നവൻ. അച്ഛനില്ലാതെ രണ്ടാണ്മക്കളെ വളർത്താൻ മക്കളെ ഒറ്റക്ക് വീട്ടിൽ പൂട്ടിയിട്ട് ജോലിക്ക് പോയ ബേബി ചേച്ചി. എബിസി കാർഗോ യൂണിബ്രിഡ്ജിലൂടെ ജോൺഫിയുടെ സ്വപ്നങ്ങൾ പൂവണിയുമ്പോൾ ഞങ്ങൾക്കുറപ്പാണ് ബേബി ചേച്ചി മനസുതുറന്ന് ചിരിക്കും.
കണ്ണിലിരുട്ടാണ് എന്ന് കരുതി എവിടെയും മാറി നിൽക്കാറില്ല. ആത്മവിശ്വാസം കൊണ്ട് ചുറ്റും പ്രകാശം നിറയ്ക്കുകയാണ് ഇരട്ടസഹോദരിമാരായ ഹിബയും ഹബയും. ദുബായിൽ ഹൌസ് ഡ്രൈവറായ കരീമിന്റെയും സക്കീനയുടെയും മക്കൾക്ക്, കാഴ്ചപരിമിതിയുണ്ട് പക്ഷേ എന്റെ മക്കൾ ഒരിടത്തും തല കുനിക്കരുത്, അവർ സ്വന്തം കാലിൽ നിൽക്കണമെന്ന് പ്രതിജ്ഞയെടുത്ത മാതാപിതാക്കൾ അവരെ പഠിപ്പിച്ച് ഉയരങ്ങളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്. അവരെയും ഹൃദയം കൊണ്ട് ആദരിക്കുകയാണ് എഡിറ്റോറിയൽ.