ഒരു വിദ്യാർത്ഥിയ്ക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരധ്യാപകനും സ്കൂളും. ഇന്ത്യയിൽ അങ്ങനെയൊരു സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ ഗണേഷ്പൂർ ഗ്രാമത്തിലാണ് ഈ വിദ്യാലയം.
വാഷിം ജില്ലയിലെ ഏറ്റവും ചെറിയ ഗ്രാമമായ ഗണേഷ്പൂരിൽ ആകെ ജനസംഖ്യ 200 ആണ്. ഈ ഗ്രാമത്തിൽ ഒരു ജില്ലാ പരിഷത്ത് പ്രൈമറി സ്കൂൾ മാത്രമേയുള്ളു. ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ് വരെ ക്ലാസുകൾ നടത്താനാണ് ഈ സ്കൂളിന് അനുവാദമുള്ളത്. എന്നാൽ സ്കൂളിൽ ഒരു വിദ്യാർത്ഥി മാത്രമേ ഉള്ളൂ. കാരണം ഗ്രാമത്തിൽ ഈ പ്രായ വിഭാഗത്തിൽ ഒരേയൊരു കുട്ടിയെ ഉള്ളുവെന്നതാണ് വസ്തുത. കാർത്തിക് ഷെഗോകർ എന്നാണ് ഈ വിദ്യാർത്ഥിയുടെ പേര്.
അതേസമയം കുട്ടിയുടെ വിദ്യാഭ്യാസത്തെ തടയാൻ ഇതൊരു കാരണമല്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. അതുകൊണ്ട് തന്നെ ഈ വിദ്യാർത്ഥിയ്ക്ക് വേണ്ടി മാത്രമായി പ്രവർത്തിക്കാൻ ബുദ്ധിമുട്ടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഒരു വിദ്യാർത്ഥി മാത്രമാണെങ്കിലും സ്കൂൾ പ്രവർത്തിപ്പിക്കാൻ അധികൃതർ തയ്യാറാണ്.
സ്ഥിരമായി സ്കൂളിൽ പോകുന്ന മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് കാർത്തിക്. അധ്യാപകനായ കിഷോർ മങ്കർ 12 കിലോമീറ്റർ ദൂരം താണ്ടി സ്കൂളിലെത്തി കാർത്തിക്കിനെ പഠിപ്പിക്കും. കൂടാതെ രാവിലെ നടക്കുന്ന അസംബ്ലിയിൽ ഇരുവരും ചേർന്ന് ദേശീയ ഗാനം ആലപിക്കുകയും തുടർന്ന് കാർത്തിക്കിനെ ടീച്ചർ ക്ലാസ് എടുത്ത് നൽകുകയും ചെയ്യാറുണ്ട്.