വീട്ടില്‍ പോലും പറയാതെ ഒളിച്ചോടി മുഖ്യമന്ത്രിയെ കാണാനെത്തിയ ദേവാനന്ദന്റെ സാഹസിക യാത്ര സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. കോഴിക്കോട് കുറ്റ്യാടി കാക്കുനി സ്വദേശിയായ 16 വയസ്സുകാരൻ ദേവനന്ദന് ആണ് സാഹസിക യാത്ര നടത്തി മുഖ്യമന്ത്രിയെ കാണാൻ തിരുവനന്തപുരത്തെത്തിയത്. ദേവനന്ദ് ആവള ഹയര്‍സെക്കന്ററി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.
ശനിയാഴ്ച പകൽ ഏറനാട് എക്സ്പ്രസില്‍ കയറിയ ദേവനന്ദന് രാത്രി 9 മണിയോടെ തിരുവനന്തപുരത്തെത്തി. പിന്നീട് തമ്പാനൂരില്‍ നിന്ന് ഓട്ടോയില്‍ കയറി ക്ലിഫ് ഹൗസ് സ്ഥിതി ചെയ്യുന്ന ദേവസ്വം ബോര്‍ഡ് ജംഗ്ഷനിലേക്ക് പോയി. അവിടെ ചെന്ന ശേഷം മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് പോകണമെന്ന് സുരക്ഷ ചുമതലയുണ്ടായിരുന്ന പൊലീസുകാരനോട് ആവശ്യപ്പെട്ടു. സംശയം തോന്നിയ പൊലീസുകാരന് ദേവനന്ദനെ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പോലീസുകാർ ദേവനന്ദന് രാത്രി ഭക്ഷണം വാങ്ങി നല്‍കുകയും കുട്ടി സുരക്ഷിതനാണെന്ന് പിതാവിനെ അറിയിക്കുകയും ചെയ്തു. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് പരിഭ്രാന്തിയിലായിരുന്ന വീട്ടുകാർക്ക് പിന്നീടാണ് ശ്വാസം നേരെ വീണത്.
രാവിലെ തന്നെ ദേവനന്ദന്റെ പിതാവ് രാജീവന് മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ എത്തി കുട്ടിയെ കണ്ടു. മുഖ്യമന്ത്രിയെ കാണുന്നതിന് വേണ്ടിയാണ് ഒളിച്ചോടി തിരുവനന്തപുരത്ത് എത്തിയതെന്ന കാര്യം അറിഞ്ഞതോടെ പൊലീസുകാർ ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയും ചെയ്തു.
ശേഷം ദേവനന്ദിനെയും പിതാവിനെയും മുഖ്യമന്ത്രി ചേബംറിലേക്ക് വിളിപ്പിച്ചു. വീട്ടുകാര്‍ പണമിടപാടുകാരിൽ നിന്നും പലിശയ്ക്ക് പണം വാങ്ങിയെന്നും തിരിച്ചടവ് മുടങ്ങിയതോടെ അവര്‍ ശല്യം ചെയ്യുകയാണെന്നുമാണ് ദേവനന്ദൻ മുഖ്യമന്ത്രിയെ ബോധിപ്പിച്ച പരാതി. കാര്യങ്ങൾ ക്ഷമയോടെ കേട്ട മുഖ്യമന്ത്രി സര്‍ക്കാരിന് ഏന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ ഉദ്യോഗസ്ഥർക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം വീട്ടുകാരോട് പറയാതെ ഇത്രയും ദൂരം യാത്ര ചെയ്തതിന് ദേവാനന്ദനെ സ്നേഹത്തോടെ ഉപദേശിച്ചു. യാത്രയുടെ ലക്ഷ്യം സഫലമായതിന്റെ സന്തോഷത്തിലാണ് ദേവനന്ദ് തിരുവനന്തപുരത്ത് നിന്നും തീരികെ മടങ്ങിയത്.