ദുബായ്: പൊതുമാപ്പ് പദ്ധതിയുടെ ആദ്യ ആഴ്ചയിൽ തങ്ങളുടെ അപേക്ഷ നൽകിയ 88 ശതമാനം വിസ ലംഘകരും രാജ്യത്ത് തുടരാൻ അപേക്ഷ നൽകിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു.
അപേക്ഷ നൽകിയവരിൽ 12 ശതമാനം പേർ മാത്രമാണ് നിലവിൽ യുഎഇയിൽ നിന്നും മടങ്ങാൻ താത്പര്യം കാണിച്ചിരിക്കുന്നത്. എന്നാൽ ഇവർക്കും അടുത്ത അവസരത്തിൽ ഇങ്ങോട്ട് തിരികെ വരാൻ ആഗ്രഹമുണ്ടെന്ന് അതോറിറ്റി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി പറഞ്ഞു. നിരോധനമോ ഫീസോ പിഴയോ കൂടാതെ നിയമലംഘകരെ രാജ്യം വിടാൻ അനുവദിക്കുന്നതാണ് പദ്ധതിയുടെ ഏറ്റവും പ്രധാന നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിസ കാലാവധി കഴിഞ്ഞും യുഎഇയിൽ തുടരുന്ന അനധികൃത പ്രവാസികൾക്ക് പൊതുമാപ്പ് ലഭിച്ചാൽ രാജ്യത്ത് നിയമപരമായി ജീവിക്കാനും ജോലിയെടുക്കാനും സാധിക്കും. ഇവർക്ക് മറ്റു നിയന്ത്രണങ്ങളൊന്നും നേരിടേണ്ടി വരില്ല. നിയമലംഘകർക്ക് പൊതുമാപ്പ് സമയം കൊണ്ട് ആറ് തരം സേവനങ്ങൾ ഉപയോഗപ്പെടുത്താനാവും.
- വിസാ ലംഘകർക്ക് അതോറിറ്റി എക്സിറ്റ് പെർമിറ്റ് നൽകും
- റെസിഡൻസി വിസ പുതുക്കി നൽകും
- രാജ്യത്ത് ജനിച്ച ഒരു വിദേശിക്ക് റെസിഡൻസി വിസ കിട്ടും
- ജോലിയ്ക്കോ താമസത്തിനോ പുതിയ വിസ നൽകും
- സാധുവായ വിസ പുതുക്കും
- തൊഴിൽ, താമസ വിസകൾ ലംഘിക്കുന്നവർക്ക് താമസാനുമതി നൽകും
നിയമലംഘകർക്ക് അമേർ സെൻ്ററുകൾ, ജിഡിആർഎഫ്എ അൽ അവീർ സെൻ്റർ, ഐസിപി സെൻ്ററുകൾ, ഐസിപി ഓൺലൈൻ ചാനലുകൾ, അംഗീകൃത ടൈപ്പിംഗ് സെൻ്ററുകൾ എന്നിവ വഴി പൊതുമാപ്പിന് അപേക്ഷിക്കാം.