ദമാം ജയിലില്‍ നിന്നും മോചിതരായ എട്ട് ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങി. കേരളം, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മോചിതരായത്. വ്യത്യസ്ത കേസുകളില്‍ ഒരു മാസം മുതല്‍ മൂന്ന് വര്‍ഷം വരെ ജയിലില്‍ കഴിഞ്ഞിരുന്നവരാണ് ഇവര്‍.
അഞ്ച് പേര് മലയാളികളാണ്. തിരുവനന്തപുരം, കൊല്ലം കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരാണ് ഇവര്‍. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയിട്ടും മോചിതരാകാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടി വന്നിവരാണ് ഇവരില്‍ അധികവും. ജയില്‍ മോചിതരായവര്‍ക്ക് പുതിയ വസ്ത്രങ്ങളും പാദരക്ഷകളും നല്‍കുന്നതിന് ജയില്‍ അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്. സൗദിയില്‍ സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് ഇവരെ നാട്ടിലേക്ക് അയക്കുന്നതിനായുള്ള സഹായം ചെയ്തത്.
ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും മോചനം സാധ്യമാകാതെ കഴിയുന്നവരുടെ കണക്കുകള്‍ ശേഖരിക്കാനും മോചനത്തിനുള്ള നടപടികള്‍ വേഗത്തിലാക്കാനും എംബസിയും നോര്‍ക്കയും ശ്രദ്ധ ചെലുത്തണമെന്നും സാമൂഹ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നുണ്ട്.