ഏത് പൗരനും കൊതിക്കുന്ന മഹാനഗരമായി ദുബായിയെ മാറ്റിയ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് തിങ്കളാഴ്ച 75-ാം ജന്മദിനം. യുഎഇയുടെ വൈസ് പ്രസിഡന്റ് , പ്രധാനമന്ത്രി പദവികളും ദുബായ് ഭരണാധികാരിയുമായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 75-ാം ജന്മദിനത്തിന് തൊട്ടുതലേന്നാണ് മകനും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാനെ യുഎഇ മന്ത്രിസഭയിൽ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായി ഉൾപ്പെടുത്തിയുള്ള പ്രഖ്യാപനം നടത്തിയത്.
രാജകുമാരൻ്റെ വരവ്
ദുബായ് എമിറേറ്റിൻ്റെ ഭരണം നിർവഹിക്കുന്ന അൽ മക്തൂം കുടുംബത്തിലാണ് ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിന്റെ മൂന്നാമത്തെ മകനായി ഷെയ്ഖ് മുഹമ്മദ് 1949 ജൂലൈ 15 ന് ജനിച്ചത്. കുട്ടിക്കാലത്ത് തന്നെ കുതിരസവാരിയിലും ഫാൽക്കൺ പക്ഷികളെ കൈകാര്യം ചെയ്യുന്നതിലും ഷെയ്ഖ് മുഹമ്മദ് റാഷിദ് പാടവം സ്വന്തമാക്കിയിരുന്നു. അറബിഭാഷയിലും ഇസ്ലാം മതപഠനത്തിലും ഈ കാലയളവിൽ ഷെയ്ഖ് മുഹമ്മദ് റാഷിദ് ശ്രദ്ധ കേന്ദ്രീകരിച്ചു. മുത്തച്ഛൻ ഷെയ്ഖ് സയീദിനെയാണ് ഒരു ഭരണാധികാരി എന്ന നിലയിൽ ഷെയ്ഖ് റാഷിദ് ആദ്യം അടുത്തു നിന്നു കണ്ടത്. ദുബായ് ഷിന്ദഗയിലെ മക്തും കൂടുബത്തിൻ്റെ വസതിയിൽ ചേരുന്ന ഔദ്യോഗിക യോഗങ്ങളിൽ ഷെയ്ഖ് സയ്യീദിനൊപ്പം നിൽക്കുന്ന ഷെയ്ഖ് റാഷിദിൻ്റെ നിരവധി ചിത്രങ്ങൾ ഇപ്പോൾ കാണാം.
ദുബായിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ലണ്ടനിലാണ് അദ്ദേഹം ഉന്നത വിദ്യാഭ്യാസം നേടിയത്. 1966 ഓഗസ്റ്റിൽ കേംബ്രിഡ്ജിലെ ബെൽ ലാംഗ്വേജ് സ്കൂളിൽ ചേരാൻ തന്റെ ബന്ധുവായ ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽ മക്തൂമിനൊപ്പം ഷെയ്ഖ് മുഹമ്മദ് ലണ്ടനിലേക്ക് പോയി. അന്താരാഷ്ട്ര പ്രശസ്തിയുള്ള ഈ സ്ഥാപനത്തിൽ വച്ച് ലോകത്തെ വിവിധ ദേശക്കാരുമായും സംസ്കാരങ്ങളുമായും വ്യക്തികളുമായും ഇടപെടാൻ ഷെയ്ഖ് റാഷിദിന് സാധിച്ചു. റോയൽ മിലിട്ടറി അക്കാദമിയിലായിരുന്നു ശേഷം ഷെയ്ഖ് റാഷിദിൻ്റെ പഠനം. ബ്രിട്ടീഷ് സൈന്യത്തിനൊപ്പം ഏറ്റവും തീവ്രമായ സൈനിക പരിശീലനം നേടിയ അദ്ദേഹം “മെഡൽ ഓഫ് ഓണർ” സ്വന്തമാക്കിയാണ് ബ്രിട്ടീഷ് ജീവിതം അവസാനിപ്പിക്കുന്നത്.
1958 സെപ്റ്റംബർ 9-നാണ് അദ്ദേഹത്തിന്റെ മുത്തച്ഛൻ ഷെയ്ഖ് സയീദ് അന്തരിക്കുന്നത്. തുടർന്ന് റാഷിദിൻ്റെ പിതാവ് ഷെയ്ക് റാഷിദ് ബിൻ സയീദ് ദുബായ് എമിറേറ്റിന്റെ ഭരണാധികാരിയായി. അനന്തരാവകാശികളെ ഭരണനിർവ്വഹണത്തിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ തന്റെ മക്കളെ ഷെയ്ക് റാഷിദ് ബിൻ സയീദ് വിവിധ മേഖലകളിൽ പഠനത്തിനും പരിശീലനത്തിനുമായി നിയോഗിച്ചു. ബ്രിട്ടീഷ് സൈന്യത്തിൽ പരിശീലനം നേടിയ ഷെയ്ഖ് ബിൻ റാഷിദിനെയാണ് അബുദാബിയുടെ സുരക്ഷാചുമതല അദ്ദേഹം ഏൽപിച്ചത്.
പഠനവും പരിശീലനവും പൂർത്തിയാക്കി ബ്രിട്ടനിൽ നിന്നും തിരിച്ചെത്തിയ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ 1968 നവംബർ 1-ന് ദുബായിലെ പോലീസ് ആന്റ് പബ്ലിക് സെക്യൂരിറ്റി മേധാവിയായി പിതാവ് ഷെയ്ഖ് റാഷിദ് ബിൻ സയീദ് നിയമിച്ചു. യുഎഇയുടേയും അബുദാബിയുടേയും ഭരണനിർവഹണത്തിൽ മുഹമ്മദ് ബിൻ റാഷിദിൻ്റെ ആദ്യ ഇടപെടലായിരുന്നു ഇത്. ഇരുപത് വയസ്സായിരുന്നു യുഎഇയുടെ സുരക്ഷാ ചുമതലയേറ്റെടുക്കുമ്പോൾ അദ്ദേഹത്തിൻ്റെ പ്രായം.
അബുദാബി സുരക്ഷാ സേനയുടെ ചുമതല മുഹമ്മദ് ബിൻ റാഷിദ് ഏറ്റെടുക്കുമ്പോൾ യുഎഇയുടെ രൂപീകരണത്തിനുള്ള സാഹചര്യവും ഒരുങ്ങുകയായിരുന്നു. ലണ്ടനിൽ നിന്നും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ദുബായിലേക്ക് തിരിച്ചെത്തിയ അതേ വർഷത്തിൽ തങ്ങളുടെ സംരക്ഷണയിലുള്ള ജിസിസിയിലെ ട്രൂഷ്യൽ സ്റ്റേറ്റുകളിൽ ( അബുദാബി, ദുബൈ, ഷാർജ്ജ, ഫുജൈറ, അജ്മാൻ, ഉം അൽ കുവൈൻ, റാസ് അൽ ഖൈമ, ബഹ്റൈൻ, ഖത്തർ) നിന്നും പിന്മാറാനുള്ള തീരുമാനം ബ്രിട്ടൻ പ്രഖ്യാപിക്കുന്നത്. അവികസതിമായിരുന്ന ഈ അറബ് നാടുകൾ ക്രൂഡോയിൽ നിക്ഷേപം കണ്ടെത്തി വരുമാനമുണ്ടാക്കുന്ന ഘട്ടത്തിലായിരുന്നു ബ്രിട്ടൻ്റെ പിൻവാങ്ങൽ.
ഈ ഘട്ടത്തിൽ അബുദാബി ഭരണാധികാരി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനും ദുബായിലെ ഷെയ്ഖ് റാഷിദും തമ്മിൽ 1968 ഫെബ്രുവരി 18 ന് രണ്ട് എമിറേറ്റുകൾക്കിടയിലെ അതിർത്തിയിലുള്ള അൽ സെമെയ്ഹിൻ മരുഭൂമിയിൽ വച്ചു കൂടിക്കാഴ്ച നടത്തി. ബ്രിട്ടൻ പിൻവാങ്ങുന്ന സാഹചര്യത്തിൽ സ്വതന്ത്രസംസ്ഥാനങ്ങളുടെ ഒരു ഫെഡറേഷൻ രൂപീകരിക്കുക എന്ന തീരുമാനത്തിലേക്ക് അബുദാബിയുടേയും ദുബായിടേയും ഭരണാധികാരികളെത്തി. ഖത്തറും ബഹ്റൈനും ഉൾപ്പെടെയുള്ള മറ്റ് എമിറേറ്റുകളെ ഈ യൂണിയനിലേക്ക് കൊണ്ടുവരുന്നതിനായി ഒരുമിച്ചു പ്രവർത്തിക്കാനും ഇരുവരും ധാരണയിലായി.
അടുത്ത രണ്ട് വർഷങ്ങളിൽ, ഭരണകർത്താക്കളുടെ ചർച്ചകളും യോഗങ്ങളും തുടർന്നു. എന്നാൽ അഭിപ്രായഭിന്നതകളും എമിറേറ്റുകളിലെ അഭ്യന്തര പ്രശ്നങ്ങളും യൂണിയൻ രൂപീകരണത്തിന് വെല്ലുവിളിയായി. ഒരുഘട്ടത്തിൽ ബഹ്റൈനും ഖത്തറും ചർച്ചകളിൽ നിന്ന് പിന്മാറി. 1971 ആഗസ്റ്റ് 14-ന് ബഹ്റൈനും സെപ്തംബർ ഒന്നിന് ഖത്തറും സ്വതന്ത്രരാഷ്ട്രമായി സ്വയം പ്രഖ്യാപിച്ചു.
യുഎഇയുടെ തലപ്പത്തേക്ക്
1971 ഡിസംബർ 2 ന്, ദുബായ്, അബുദാബി, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, ഫുജൈറ എന്നിവയുമായി ചേർന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് രൂപീകരിക്കപ്പെട്ടു. ( ഏഴാമത്തെ എമിറേറ്റായ റാസൽഖൈമ 1972 ഫെബ്രുവരി 10-ന് ഔദ്യോഗികമായി യുഎഇയിൽ ചേർന്നു.) പുതിയ രാഷ്ട്രത്തിൻ്റെ ആദ്യപ്രതിരോധമന്ത്രിയായി ഷെയ്ഖ് റാഷിദ് അൽ മക്തൂം ചുമതലയേറ്റു. അബുദാബി സുരക്ഷാസേന യുഎഇ സൈന്യത്തിൽ ലയിച്ചു. പലതരം സുരക്ഷാ പ്രശ്നങ്ങളും വെല്ലുവിളികളും യുഎഇയ്ക്ക് മുന്നിലുണ്ടായിരുന്നു എന്നാൽ പ്രസിഡൻ്റ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനൊപ്പം ചേർന്ന് പ്രതിരോധമന്ത്രി കൂടിയായ ഷെയ്ഖ് റാഷിദ് അൽ മക്തൂം അവയെ നേരിട്ടു.
ഇതിനിടെ മുഹമ്മദിൻ്റെ പിതാവ് റാഷിദ് ബിൻ സയ്യീദ് അൽ മക്തൂം 1990-ൽ അന്തരിച്ചു. തുടർന്ന് മുഹമ്മദിൻ്റെ സഹോദരൻ മക്തൂം ബിൻ റാഷിദ് അൽ മക്തും ദുബായ് ഭരണാധികാരിയായും പ്രധാനമന്ത്രിയായും ചുമതലയേറ്റു. 1995 ജനുവരിയിൽ മുഹമ്മദിനെ ദുബായ് കിരീടാവകാശിയായും സഹോദരൻ ഹംദാനെ ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയായും അദ്ദേഹം നിയമിച്ചു. ഇതേ കാലഘട്ടത്തിലാണ് മുഹമ്മദിൻ്റെ നേതൃത്വത്തിൽ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനും തുടക്കമാവുന്നത്.
മക്തൂം ബിൻ റാഷിദ് അൽ മക്തും 2006 ജനുവരിയിൽ അന്തരിച്ചതിന് പിന്നാലെയാണ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായിയുടെ ഭരണസാരഥ്യം ഏറ്റെടുക്കുന്നത്. പിന്നീട് യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ സുപ്രീം കൗൺസിൽ അംഗങ്ങൾ ഷെയ്ഖ് മുഹമ്മദിനെ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു, തുടർന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ (യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ അന്തരിച്ച പ്രസിഡന്റ്) അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യുകയും കൗൺസിൽ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കുകയും ചെയ്തു.
2008 ജനുവരി 31ന്; ദുബായ് ഭരണാധികാരി എന്ന നിലയിൽ, തന്റെ മകൻ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദിനെ ദുബായ് കിരീടാവകാശിയായി നിയമിച്ചുകൊണ്ട് ഷെയ്ഖ് മുഹമ്മദ് ഒരു ഉത്തരവ് പുറപ്പെടുവിച്ചു . 006 മുതൽ ദുബായ് എമിറേറ്റ് എക്സിക്യൂട്ടീവ് കൗൺസിലിന്റെ ചെയർമാൻ സ്ഥാനം ഷെയ്ഖ് ഹംദാൻ വഹിച്ചു വരികയാണ്.
ആധുനിക ലോകത്തെ ആഗോള നഗരമായി ദുബായിയെ മാറ്റിയ പല പദ്ധതികളുടേയും അണിയറിയിൽ ഷെയ്ഖ് മുഹമ്മദുണ്ടായിരുന്നു. ദുബായിയെ ഒരു ആഗോള വാണിജ്യ, ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിൽ അദ്ദേഹം വലിയ സ്വാധീനം ചെലുത്തി. ദുബായ് ഫെസ്റ്റിവൽ ഷോപ്പിംഗ് , ദുബായ് ഇ-ഗവൺമെന്റ്, ദുബായ് ഇന്റർനെറ്റ് സിറ്റി , ദുബായ് മീഡിയ സിറ്റി തുടങ്ങിയ ദുബായിയുടെ വികസനത്തിൽ നിർണായകമായ പദ്ധതികൾ നടപ്പായത് അദ്ദേഹത്തിൻ്റെ മേൽനോട്ടത്തിലാണ്. പാം ഐലൻഡ് പദ്ധതി, ബുർജ് അൽ അറബ് ഹോട്ടൽ , ബുർജ് ഖലീഫ തുടങ്ങിയ നിർമാണ പദ്ധതികളും ദുബായിയെ അന്താരാഷ്ട്ര നഗരങ്ങളുടെ നിരയിലേക്ക് മാറ്റുകയും ലോകത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാക്കുകയും ചെയ്തു.