ഏഷ്യയിലെ എറ്റവും വലിയ കലാ മാമാങ്കമായ 62-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. കൊല്ലത്ത് ആശ്രാമം മൈതനത്ത് വെച്ച് നടന്ന ചടങ്ങിന് മുഖ്യമന്ത്രി പിണറായി വിജയന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, ചിഞ്ചു റാണി, കെ ബി ഗണേഷ് കുമാര്‍, കെ രാജന്, എംപിമാരായ എന്‍.കെ പ്രേമചന്ദ്രന്, എ എം ആരിഫ്, കൊടിക്കുന്നില്‍ സുരേഷ് എംഎല്‍എമാരായ മുകേഷ്, പിസി വിഷ്ണുനാഥ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. സിനിമാതാരം നിഖില വിമല്‍ മുഖ്യാതിഥിയായി. നടി ആശാ ശരത്തും ചടങ്ങില്‍ പങ്കെടുത്തു.
ആരോഗ്യകരമായ മത്സരം നടക്കണമെന്നും മത്സരം കുട്ടികള്‍ തമ്മിലാണെന്നും രക്ഷിതാക്കള്‍ തമ്മിലല്ലെന്നും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പറഞ്ഞു. പരാജയങ്ങളില്‍ തളരാതെ സമര്‍പ്പണവും മനോബലവുമായി കുട്ടികള്‍ മുന്നേറണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കലോത്സവ മാന്വല്‍ പരിഷ്കരിക്കുമെന്നും പരമ്പരാഗത കലകള്‍ കൂടി ഉള്‍പ്പെടുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊല്ലത്ത് 24 വേദികളില്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി 239 ഇനങ്ങളില്‍ 14,000 കലാപ്രതിഭകളാണ് മാറ്റുരയ്ക്കാനെത്തുന്നത്. പ്രധാന വേദിയിയല് എച്ച് എസ് വിഭാഗം പെണ്‍കുട്ടികളുടെ മോഹനിയാട്ട മത്സരത്തോടെ പരിപാടികള്‍ ആരംഭിക്കും.