അബുദാബി: ബംഗ്ലാദേശിൽ നടക്കുന്ന സംവരണ സമരത്തിന് ഐക്യദാർണ്ഡ്യം പ്രഖ്യാപിച്ച് യുഎഇയിൽ പ്രതിഷേധത്തിന് ഇറങ്ങിയവർക്ക് എട്ടിൻ്റെ പണി. സമരം നടത്തിയ മൂന്ന് ബംഗ്ലാദേശികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച കോടതി 54 പേർക്ക് തടവും നാടുകടത്തലും ശിക്ഷയായി വിധിച്ചു.
തൊഴിൽ സംവരണ നിയമത്തിനെതിരെ ബംഗ്ലാദേശിൽ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ അതിശക്തമായ സമരം നടക്കുകയാണ്. നൂറിലേറെ പേർക്ക് ഇതിനോടം സംഘർഷങ്ങളിൽ ജീവൻ നഷ്ടപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. യുവാക്കളും സ്ത്രീകളും സമരരംഗത്ത് സജീവമാണ്. ബംഗ്ലാദേശ് ഭരിക്കുന്ന ഷെയ്ഖ് ഹസ്സീന സർക്കാർ സമരം അടിച്ചമർത്താൻ സൈന്യത്തെ തന്നെ രംഗത്തിറക്കിയിട്ടുണ്ട്. ഇതിനിടയിലാണ് യുഎഇയിലെ ഒരു വിഭാഗം ബംഗ്ലാദേശി പൗരൻമാർ പ്രതിഷേധ പ്രകടനങ്ങളുമായി രംഗത്ത് ഇറങ്ങിയത്.
53 പേർക്ക് 10 വർഷം തടവും നാടുകടത്തലും ഒരാൾക്ക് 11 വർഷം തടവും നാടുകടത്തലുമാണ് കോടതി വിധിച്ച ശിക്ഷ. ജൂലൈ 22-ന് അബുദാബി ഫെഡറൽ അപ്പീൽ കോടതി വിധി പ്രസ്താവിക്കുകയും നിയമവിരുദ്ധമായി ഒത്തുകൂടിയതിന് ഈ പ്രവാസികളെ ശിക്ഷിക്കുകയും ചെയ്യുകയായിരുന്നു. ജയിൽ ശിക്ഷയുടെ അവസാനം പ്രതികളെ നാടുകടത്താനും പിടിച്ചെടുത്ത എല്ലാ ഉപകരണങ്ങളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
ബംഗ്ലാദേശികൾ പ്രതിഷേധിച്ച സംഭവത്തിൽ യു എ ഇ അറ്റോർണി ജനറൽ ചാൻസലർ ഡോ ഹമദ് സെയ്ഫ് അൽ ഷംസി അടിയന്തര അന്വേഷണത്തിന് ഉത്തരവിടുകയും പ്രതികളെ അടിയന്തര വിചാരണയ്ക്ക് വിടുകയും ചെയ്തിരുന്നു. മുപ്പത് അന്വേഷണ ഉദ്യോഗസ്ഥർ അടങ്ങിയ സംഘമാണ് പ്രതിഷേധം നടത്തിയവരെ പിടികൂടിയത്.
അനധികൃതമായി സംഘടിക്കൽ, അശാന്തി ഉണ്ടാക്കൽ, പൊതു സുരക്ഷ തടസ്സപ്പെടുത്തൽ, പ്രതിഷേധങ്ങളും ആസൂത്രണം ചെയ്യൽ തുടങ്ങിയ കുറ്രങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. വിചാരണയിൽ പ്രതികളിൽ പലരും തങ്ങൾ ആരോപിക്കപ്പെട്ട കുറ്റങ്ങൾ സമ്മതിച്ചു. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
ബംഗ്ലാദേശ് സർക്കാരിൻ്റെ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് യുഎഇയിലെ പല തെരുവുകളിലും പ്രതികൾ ഒത്തുകൂടുകയും വലിയ തോതിലുള്ള മാർച്ചുകൾ സംഘടിപ്പിക്കുകയും ചെയ്തുവെന്ന് സ്ഥിരീകരിച്ച ഒരു സാക്ഷിയെ കോടതി വിസ്തരിച്ചു. ബംഗ്ലാദേശികളുടെ പ്രതിഷേധം സുരക്ഷാസംവിധാനങ്ങൾ ലംഘിച്ചും, നിയമപാലകരെ മറികടന്നും, പൊതു-സ്വകാര്യ സ്വത്ത് അപകടപ്പെടുത്തിയുമായിരുന്നുവെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രതിഷേധക്കാർക്ക് പൊലീസ് താക്കീത് നൽകുകയും പിരിഞ്ഞുപോകാൻ നിർദേശിക്കുകയും ചെയ്തിട്ടും അവർ അനുസരിച്ചില്ല.
കോടതി നിയോഗിച്ച പ്രതിഭാഗം അഭിഭാഷകൻ പ്രതികൾ ഒത്തുകൂടിയതിന് ക്രിമിനൽ ഉദ്ദേശ്യമില്ലെന്നും അവർക്കെതിരായ തെളിവുകൾ അപര്യാപ്തമാണെന്നും പ്രതികളെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, കോടതി മതിയായ തെളിവുകൾ കണ്ടെത്തുകയും പ്രതികളെ ശിക്ഷിക്കുകയുമായിരുന്നു.
1971-ലെ പാക്കിസ്ഥാനെതിരായ വിമോചനയുദ്ധത്തിൽ പോരാടിയ സ്വാതന്ത്ര്യ സമര സേനാനികളുടെ മക്കൾക്കും ചെറുമക്കൾക്കും സിവിൽ സർവീസ് തസ്തികകളിൽ 30 ശതമാനം സംവരണം നൽകുന്ന ബംഗ്ലാദേശിലെ നിയമമാണ് ഇപ്പോൾ അവിടെ വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നത്. ഭരണകക്ഷിയായ അവാമി ലീഗിൻ്റെ നേതാക്കളും അണികളും ഈ നിയമം ദുർവിനിയോഗം ചെയ്യുന്നുവെന്നും സാധാരണക്കാരായ യുവാക്കൾക്ക് തൊഴിൽ നിഷേധിക്കപ്പെടുന്നുവെന്നുമാണ് സമരക്കാരുടെ ആരോപണം.
