റിയാദ്: സൗദ്ദി ഭരണകൂടം നടത്തിയ വ്യാപക പരിശോധയിൽ നിയമങ്ങൾ ലംഘിച്ച കഴിയുന്ന ഇരുപതിനായിരത്തോളം വിദേശികൾ പിടിയിലായി. സൗദി അറേബ്യയിലെ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് കഴിഞ്ഞ 19,989 വിദേശികളാണ് അറസ്റ്റിലായത്. ഇതിൽ 12608 പേർ ഇഖാമ ലംഘനത്തിനും 4519 പേർ അതിർത്തി സുരക്ഷാ ചട്ടലംഘനത്തിനും 2862 പേർ തൊഴിൽ നിയമലംഘനത്തിനുമാണ് പിടിയിലായത്.
അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായത് 913 പേരാണ്. ഇവരിൽ 65 ശതമാനം യെമനീസ് പൗരൻമാരും 32 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണ്. അതിർത്തി വഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 34 പേരെയും സുരക്ഷാ വകുപ്പ് പിടികൂടി.
രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വ്യക്തിക്ക് പ്രവേശനം സുഗമമാക്കുകയോ അയാൾക്ക് ഗതാഗതമോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നത് സൗദി അറേബ്യയിൽ ഗുരുതരമായ കുറ്റമാണ്. ഇത്തരം പ്രവൃത്തികൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു.
നിയമ ലംഘനം ശ്രദ്ധയിൽ പെടുന്നവർ മക്ക, റിയാദ് മേഖലയിലുള്ളവർ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 996, 999 എന്നീ നമ്പറുകളിലും വിളിച്ച് അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.1