പ്രഭാത സവാരിക്കിറങ്ങിയ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സുരക്ഷാ ക്രമീകരണങ്ങളില്‍ ഗുരുതര വീഴ്ച. പ്രഭാത സവാരിക്കായി ഔദ്യോഗിക വസതിയില്‍ നിന്ന് പുറത്തിറങ്ങിയ മുഖ്യമന്ത്രിക്ക് നേരെ ബൈക്ക് പാഞ്ഞടുക്കുകയായിരുന്നു. ഫുട്പാത്തിലേക്ക് ചാടിക്കയറിയതുകൊണ്ടാണ് അദ്ദേഹം രക്ഷപ്പെട്ടത്.
മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ചയുണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്ന് വസതിക്ക് മുന്നിലെത്തിയ രണ്ട് ബൈക്കുകളില്‍ ഒന്നാണ് നിതീഷ് കുമാറിന് നേരെ പാഞ്ഞടുത്തത്. ബൈക്കുകള്‍ ഓടിച്ചവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
അപകടകരമായ രീതിയില്‍ ആയിരുന്നു അവര്‍ ബൈക്ക് ഓടിച്ചിരുന്നത്. ഫുട്പാത്തിലേക്ക് ചാടാന്‍ സാധിച്ചതുകൊണ്ടാണ് മുഖ്യമന്ത്രി രക്ഷപ്പെട്ടതെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
സര്‍ക്കുലാര്‍ റോഡിന് സമീപത്താണ് അപകടം നടന്നത്. നിരവധി രാഷ്ട്രീയ നേതാക്കള്‍ അടക്കം താമസിക്കുന്ന സ്ഥലമാണ് അത്. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. ഇരുവരെയും പൊലീസ് ചോദ്യം ചെയ്യും.