കേരളത്തിലെ 1500 ആരോഗ്യപ്രവർത്തകർക്ക് യുകെയിൽ ജോലി ചെയ്യാൻ അവസരം ഒരുക്കി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും യുകെ സന്ദർശനവേളയിൽ ഒപ്പുവച്ച ധാരണപത്രം പ്രകാരമുള്ള റിക്രൂട്ട്മെന്റ് ഈ മാസം 21ന് തുടങ്ങും. ഡോക്ടർമാർ, സ്പെഷ്യാലിറ്റികളിലേക്ക് നഴ്സുമാർ, സീനിയർ കെയറർ, ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യൻ, റേഡിയോഗ്രാഫർ, ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, സോഷ്യൽ വർക്കർ എന്നീ മേഖലകളിലായി 1500 പേർക്കാണ് ആദ്യഘട്ടത്തിൽ തൊഴിലവസരം ലഭിക്കുക.
നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന ആദ്യഘട്ട ‘യുകെ കരിയർ ഫെയർ’ റിക്രൂട്ട്മെന്റ് മേള 21 മുതൽ 25 വരെ എറണാകുളം താജ് ഗെയ്റ്റ്വേ ഹോട്ടലിൽ നടക്കും. ഒഴിവുകൾ, തൊഴിൽപരിചയം, ഇംഗ്ലീഷ് ഭാഷാനിലവാരം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങൾ നോർക്ക വെബ്സൈറ്റിൽ ലഭ്യമാണ്. 15-ന് മുമ്പ് അപേക്ഷിക്കണം. യുകെയിലെ റിക്രൂട്ട്മെന്റ് പ്രതിനിധികളുടെ മേൽനോട്ടത്തിലാണ് നിയമന നടപടികൾ നടക്കുക.
ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് DWMS CONNECT (ഡിജിറ്റൽ വർക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം) ആപ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യണം. റഫറൽ കോഡായി NORKA എന്നും ചേർക്കണം. ഇതിനുശേഷം ആപ്പിലെ NORKA CAREERS FAYRE PHASE 1 ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. https://knowledgemission.kerala.gov.in എന്ന വെബ്സൈറ്റു വഴിയും പ്രൊഫൈൽ ക്രിയേറ്റ് ചെയ്യാം. വിവരങ്ങൾക്ക്: www.norkaroots.org, 1800 425 3939 (ടോൾഫ്രീ നമ്പർ), വിദേശത്തുള്ളവർക്ക് +91-8802012345 എന്ന നമ്പരിലും ബന്ധപ്പെടാം.