മലപ്പുറം: പത്താംക്ലാസ് ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർത്തിയത് അൺഎയ്ഡഡ് സ്കൂളിലെ പ്യൂണെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. എംഎസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന് ചോദ്യപ്പേപ്പർ ചോർത്തി നൽകിയ മലപ്പുറം മേൽമുറിയിലെ അൺ എയ്ഡഡ് സ്കൂളിലെ പ്യൂൺ അബ്ദുൽ നാസറിനെ അറസ്റ്റ് ചെയ്തു. പണത്തിന് വേണ്ടിയാണ് അബ്ദുൾ നാസർ ചോദ്യപേപ്പർ ചോർത്തിയത്. ഇന്നലെ രാത്രിയാണ് ഇയാളെ മലപ്പുറത്തുനിന്ന് കസ്റ്റഡിയിലെടുത്തത്. മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ഇയാൾ ചോദ്യപേപ്പർ ചോർത്തിയത്.
അബ്ദുൾ നാസർ എം എസ് സൊല്യൂഷനിലെ അധ്യാപകനായ ഫഹദിന് ഇത് അയച്ചുനൽകുകയും ഫഹദ് വഴി ഇത് സിഇഒ ഷുഹൈബിന് എത്തിക്കുകയായിരുന്നു.പത്താംക്ലാസിന്റെയും പ്ലസ് വണിന്റെയും ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പറുകളാണ് എംഎസ് സൊല്യൂഷൻസ് യുട്യൂബ് ചാനലിലൂടെ ചോർന്നത്. ഇതിനെ തുടർന്ന് ഷുഹൈബിനെ ഒന്നാംപ്രതിയാക്കി ക്രൈംബ്രാഞ്ച് കേസെടുത്തു.
ചോദ്യപ്പേപ്പറിന്റെ സീൽഡ് കവറിന്റെ പിറക് വശം മുറിച്ചു ആണ് ചോദ്യം ചോർത്തിയത്. ശേഷം പഴയ പോലെ കവർ ഒട്ടിച്ചുവെച്ചു. പ്ലസ് വൺ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക് വിഷയങ്ങളുടെ ചോദ്യപ്പേപ്പർ ചോർത്തിയെന്നും എസ്എസ്എൽസിയുടെ ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർത്തിയെന്നും ഇയാൾ സമ്മതിച്ചതായി ക്രൈം ബ്രാഞ്ച് എസ്പി വ്യക്തമാക്കി.