തിരുവനന്തപുരം കാട്ടാക്കടയില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമമെന്ന് പരാതി. വീട്ടില്‍ ഉറങ്ങിക്കിടന്ന 10 വയസുകാരിയെയാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നത്. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. അമ്മൂമ്മയ്ക്കും അനുജനുമൊപ്പം ഉറങ്ങാന്‍ കിടന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്.
കുട്ടി നിലവിളിച്ചതോടെ ഇയാള്‍ പുറകുവശത്തെ വാതിലിലൂടെ ഓടി രക്ഷപ്പെട്ടു. കുട്ടിയുടെ പിതാവ് കുറച്ചു ദൂരം ഇയാളുടെ പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
കുട്ടി എല്ല ദിവസവും അമ്മൂമ്മയ്ക്കും അനുജനുമൊപ്പം വീട്ടിലെ മധ്യഭാഗത്തുള്ള മുറിയിലാണ് കിടന്നുറങ്ങുന്നത്. ഇവര്‍ കിടന്ന മുറിയില്‍ പുലര്‍ച്ചെ മറ്റൊരാളുടെ സാന്നിധ്യം അമ്മൂമ്മ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ പിതാവായിരിക്കും എന്നാണ് ആദ്യം വിചാരിച്ചത്. എന്നാല്‍ കുട്ടി ഇത് അച്ഛനല്ല എന്ന് പറയുമ്പോഴാണ് അമ്മൂമ്മ ശ്രദ്ധിക്കുന്നത്. ഇതോടെ പിതാവിനെ വിവരമറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ കുട്ടി നിലവിളിച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ഉടന്‍ തന്നെ കുടുംബം പൊലീസില്‍ വിവരമറിയിച്ചു. പുലര്‍ച്ചെ തന്നെ പൊലീസ് എത്തി കുട്ടിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.
കറുത്ത പാന്റും കാക്കി ഷര്‍ട്ടുമണിഞ്ഞ ആളാണ് വന്നതെന്ന് കുട്ടി പറഞ്ഞു. പക്ഷെ ഇരുട്ട് ആയതിനാല്‍ മുഖം വ്യക്തമായില്ല എന്നും കുട്ടി പറഞ്ഞു. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്.