മലപ്പുറം: വളാഞ്ചേരിയിൽ വ്യാപകമായി എച്ച്.ഐ.വി ബാധയുണ്ടായതായി സ്ഥിരികരണം. കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗിലാണ് പത്ത് പേർക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. ഇതിൽ മൂന്ന് പേർ അന്യസംസ്ഥാന തൊഴിലാളികളാണ്. ഒരേ സിറിഞ്ച് ഉപയോഗിച്ച് കൊണ്ടുള്ള ലഹരി ഉപയോഗമാണ് രോഗബാധയ്ക്ക് കാരണമായതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ലൈംഗിക തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ ഇടയിൽ നടത്തിയ സർവ്വേയിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് വന്നത്. സ്ക്രീനിംഗിന്റെ ഭാഗമായ ഒരാൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചതോടെയാണ്, ഇയാൾ ഉൾപ്പെടുന്ന ലഹരി സംഘത്തെക്കുറിച്ച് അന്വേഷണമുണ്ടായത്. ഇവരെ കണ്ടെത്തി നടത്തിയ പരിശോധനയിൽ അതിഥി തൊഴിലാളികൾ അടക്കം ഒൻപത് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു.
ഇവർ ഒരേ സൂചി ഉപയോഗിച്ച് ലഹരി പങ്കിട്ടതായും സൂചികൾ വീണ്ടും ഉപയോഗിച്ചതായും കണ്ടെത്തി. എച്ച്ഐവി രോഗബാധിതരായ പത്ത് പേരും പ്രത്യേക നിരീക്ഷണത്തിലാണ്. ജില്ലയിൽ മറ്റു ഭാഗങ്ങളിൽ ഇത്തരത്തിൽ രോഗ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്.