പലതരം വിവാദങ്ങളിൽ ഉലഞ്ഞു നിന്ന ഇടതുമുന്നണിക്കും സർക്കാരിനും ആശ്വാസം നൽകുന്നതാണ് ചേലക്കരയിലെ വിജയം. ഉപതെരഞ്ഞെടുപ്പുകൾ സർക്കാരിൻ്റെ വിലയിരുത്തലായിട്ടാണ് എപ്പോഴും വ്യാഖ്യാനിക്കപ്പെടാറുള്ളത് എന്നതിനാൽ ഇടത് എം.എൽ.എയും സിപിഎം സീനിയർ നേതാവുമായ കെ.രാധാകൃഷ്ണൻ രാജി വച്ച ഒഴിവിൽ വന്ന തെരഞ്ഞെടുപ്പ് സിപിഎമ്മിന് കടുത്ത പരീക്ഷണമായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ ഏഴ് തവണയാണ് ചേലക്കരയിൽ പ്രചരണത്തിന് എത്തിയതെങ്കിലും കെ.രാധാകൃഷ്ണൻ തന്നെയായിരുന്നു ചേലക്കരയിലെ പ്രചരണത്തിൻ്റെ കേന്ദ്ര ബിന്ദു. ജനകീയ നേതാവും പിണറായി മന്ത്രിസഭയിലെ രണ്ടാമനുമായ രാധാകൃഷ്ണനെ ലോക്സഭയിലേക്ക് അയച്ച സിപിഎം തീരുമാനം യു.ഡി.എഫ് വലിയ രീതിയിൽ ചേലക്കരയിൽ ചർച്ചയാക്കിയിരുന്നു.
മന്ത്രിയായ രാധാകൃഷ്ണനെ എം.പിയാക്കിയതിനെതിരെ സിപിഎം അണികളിൽ ഉണ്ടായിരുന്ന വികാരം പരമാവധി മുതലാക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നിൽ. എന്നാൽ 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാക്കി 19 മണ്ഡലങ്ങളും കൈ വിട്ടിട്ടും സിപിഎമ്മിനൊപ്പം നിന്നത് ചേലക്കരയാണ്. ഇടത്തേക്കുള്ള ആ പ്രതിബദ്ധത ഇപ്പോഴും ഈ മണ്ഡലം ഉയർത്തി പിടിക്കുന്നു എന്നതിന് തെളിവാണ് പ്രതികൂല സാഹചര്യത്തിൽ നേടിയ മികച്ച വിജയം
അതേസമയം വലിയ പ്രതീക്ഷ ഇല്ലാതിരുന്ന ചെലക്കരയിൽ മികച്ച മുന്നേറ്റമാണ് ഇക്കുറി ബിജെപി നടത്തിയത്. 12 റൗണ്ട് വോട്ടെണൽ കഴിഞ്ഞപ്പോൾ 28666 വോട്ടുകൾ ബിജെപി ചെലക്കരയിൽ നേടിയിട്ടുണ്ട്. ചേലക്കര നിയമസഭാ മണ്ഡലത്തിൽ അവരുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്. വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 30,000 ത്തിന് മുകളിൽ വോട്ടുകൾ ബിജെപിക്ക് ഇവിടെ കിട്ടാൻ സാധ്യതയുണ്ട്. ബിജെപി ശക്തികേന്ദ്രമായ തിരുവില്വാമല പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ആയിരുന്ന കെ.ബാലകൃഷ്ണനായിരുന്നു ഇക്കുറി ബിജെപി സ്ഥാനാർഥി. അദ്ദേഹത്തിൻ്റെ വ്യക്തിബന്ധങ്ങളും ബിജെപിയുടെ വോട്ട് വർധനയ്ക്ക് തുണയായി എന്നാണ് വിലയിരുത്തൽ.
അതേസമയം മികച്ച രീതിയിൽ പ്രചരണം നടത്തിയിട്ടും അതിന് അനുസരിച്ചുള്ള ഫലം കിട്ടിയില്ല എന്നത് ചേലക്കരയിൽ യുഡിഎഫിനും കോൺഗ്രസിനും തിരിച്ചടിയാണ്. പാലക്കാട് മിന്നുന്ന പ്രകടനം നടത്തിയപ്പോൾ ആണ് ചേലക്കരയിൽ തിരിച്ചടിയുണ്ടായത് എന്നതും വീഴ്ചയുടെ ആഘാതം കൂട്ടുന്നു.