ഗുരുവായൂർ : ക്ഷേത്രത്തിൻ്റെ കിഴക്കേ ഗോപുരനടയിൽ നിർമ്മിക്കുന്ന പുതിയ പ്രവേശന കവാടത്തിൽ സ്ഥാപിക്കാനുള്ള ദാരുശിൽപങ്ങളുടെ നിർമ്മാണം പൂർത്തിയായി.
രണ്ട് നിലകളിലായി നിർമ്മിക്കുന്ന പ്രവേശന ഗോപുരത്തിന് മുകളിലായിട്ടാണ് ആഞ്ഞിലി മരത്തിൽ തീർത്ത ദാരുശിൽപം സ്ഥാപിക്കുന്നത്. അഷ്ടദിക്ക്പാലകരും ബ്രഹ്മാവുമാണ് ദാരുശിൽപത്തിലുള്ളത്. ശിൽപ്പി എവള്ളി നന്ദൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ദാരുശിൽപങ്ങൾ നിർമിച്ചത്. നവീൻ, ദിവേക്, വിനോദ്, മാരായിമംഗലം, രഞ്ജിത്ത്, നവ്യനന്ദകുമാർ, സന്തോഷ്, ആശമോൻ എന്നിവരാണ് സംഘത്തിലുള്ളത്.
ദേവസ്വം എഞ്ചി നീയർമാരായ അശോക് കുമാർ, നാരായണനുണ്ണി എന്നിവരുടെ മേൽനോട്ടത്തിൽ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ കൈ കണക്കിലാണ് ഗോപുര നിർമാണം. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ ക്ഷേത്രപ്രവേശന കവാട നിർമ്മാണങ്ങളുടെ പുരോഗതി വിലയിരുത്തി. അങ്ങാടിപ്പുറം സ്വദേശിയും പ്രവാസി വ്യവസായിയുമായ വെൽത്ത് ഐ ഗ്രൂപ്പ് എംഡി വിഘ്നേശ് വിജയകുമാറാണ് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പുതിയ പ്രവേശന കവാടം വഴിപാടായി നിർമ്മിച്ചു നൽകുന്നത്.